തിരുവനന്തപുരം: സോളര്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് നിയമസഭയില്‍ വച്ചതിനു പിന്നാലെ സംസാരിച്ച മുഖ്യമന്ത്രി പിണറായി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പേര് പറഞ്ഞില്ല. പറഞ്ഞത് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ പേര്. അതും തിരുവഞ്ചൂര്‍ കൈക്കൂലി വാങ്ങുകയോ പീഡിപ്പിക്കുകയോ ചെയ്തിട്ടില്ലന്ന് സൂചിപ്പിക്കാന്‍. ക്രമപ്രശ്‌നം ഉന്നയിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സംസാരിക്കുന്നതിനിടെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പേര് പരാമര്‍ശിച്ചു.
50 വര്‍ഷമായി നിയമസഭാംഗമായ ഉമ്മന്‍ചാണ്ടിക്കെതിരെ ലൈംഗികാരോപണം ഉന്നയിക്കുന്നത് അപഹാസ്യമാണ് എന്നാണ് ചെന്നിത്തല പറഞ്ഞത്. എന്നാല്‍ സഭയില്‍ പ്രസ്താവന നടത്തുമ്പോള്‍ താന്‍ ആ പേര് പരാമര്‍ശിച്ചില്ലന്നും ആരുടെയും പേര് പറയാതിരിക്കാനുള്ള മാന്യത താന്‍ കാണിച്ചെന്നും പ്രതിപക്ഷമാണ് മര്യാദ ലംഘിച്ചതെന്നും പിണറായി പറഞ്ഞു. എന്നാല്‍ മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ ആ പേരുകള്‍ പരാമര്‍ശിച്ചിരുന്നെന്നായിരുന്നു ചെന്നിത്തലയുടെ മറുപടി.
















