തിരുവനന്തപുരം: തോമസ് ചാണ്ടിയായാലും ഉമ്മന്‍ചാണ്ടിയായാലും നിയമത്തിനു മുന്നില്‍ തുല്യരെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.
നീതി എല്ലാവര്‍ക്കും ഒരുപോലെയാണ്. മുഖ്യമന്ത്രിയുടെ നിയമസഭയിലെ പരാമര്‍ശം മന്ത്രി തോമസ് ചാണ്ടിക്ക് ബാധകമാക്കാത്തതെന്തെന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു കോടിയേരി. വിജിലന്‍സിന്റെ ത്വരിതാന്വേഷണത്തിന് കാത്തുനില്‍ക്കാതെ എജിയുടെ റിപ്പോര്‍ട്ട് വരുന്ന മുറയ്‌ക്ക് നടപടി സ്വീകരിക്കുമെന്നും കോടിയേരി പറഞ്ഞു.
സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവന്നത് കേരള രാഷ്‌ട്രീയത്തിലെ നേതാക്കള്‍ക്ക് ദേശീയതലത്തില്‍ അവമതിപ്പുണ്ടാക്കി. ഉമ്മന്‍ചാണ്ടി അടക്കമുള്ള നേതാക്കളുടെ തനിനിറമാണ് പുറത്ത് വന്നിരിക്കുന്നത്. എഴുപത്തിനാല് വയസ്സുള്ള ഉമ്മന്‍ചാണ്ടിയെ പീഡനക്കേസില്‍ പ്രതിയാക്കിയെന്നാണ് യുഡിഎഫ് പറയുന്നത്.
കോണ്‍ഗ്രസ് നേതാവ് എന്‍.ഡി. തിവാരി പീഡനക്കേസിലകപ്പെട്ടപ്പോള്‍ വയസ്സ് എത്രയായിരുന്നുവെന്ന് കോണ്‍ഗ്രസുകാര്‍ അന്വേഷിക്കണം. കോണ്‍ഗ്രസ് അഖിലേന്ത്യാ പ്രസിഡന്റ് സോണിയയും ഹൈക്കമാന്‍ഡും തങ്ങളുടെ നിലപാട് എന്തെന്ന് വ്യക്തമാക്കണം. കോടിയേരി ആവശ്യപ്പെട്ടു.
















