പറവൂര്‍: ഒടുവില്‍ വിദ്യാര്‍ത്ഥികളുടെയും രക്ഷകര്‍ത്താക്കളുടെയും പ്രതിഷേധം ഫലം കണ്ടു, സ്‌ക്കൂള്‍ തല കലോത്സവത്തില്‍ വിജയിച്ച മുഴുവന്‍ കുട്ടികളെയും ഉപജില്ലാ കലോത്സവത്തില്‍ പങ്കെടുപ്പിക്കാന്‍ പറവൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌ക്കൂള്‍ അധികൃതര്‍ തീരുമാനിച്ചു. പണമില്ലെന്ന കാരണത്താല്‍ ഹൈസ്‌ക്കൂള്‍, ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ത്ഥികളെ മാത്രം ഉപജില്ലാ കലോത്സവത്തില്‍ പങ്കെടുപ്പിച്ചാല്‍ മതിയെന്നായിരുന്നു തീരുമാനം. രക്ഷകര്‍ത്താക്കള്‍ പ്രതിഷേധിക്കുകയും, ജന്മഭൂമി ഇത് വാര്‍ത്തയാക്കുകയും ചെയ്ത സാഹചര്യത്തിലാണ് എല്‍പി, യുപി വിദ്യാര്‍ത്ഥികള്‍ക്കും അവസരം നല്‍കാന്‍ തീരുമാനമായത്. പാവപ്പെട്ട കുട്ടികളുടെ കലാപ്രകടനങ്ങള്‍ക്ക് അവസരം നല്‍കാന്‍ ബാദ്ധ്യസ്ഥരായവര്‍ തന്നെ പണത്തിന്റെ പേരില്‍ വിലക്കേര്‍പ്പെടുത്തുന്നത് കുട്ടികളെയും രക്ഷകര്‍ത്താക്കളെയും ഏറെ ദുഃഖത്തിലാഴ്‌ത്തിയിരുന്നു.
















