നെയ്യാറ്റിന്‍കര: സിപിഎമ്മിന്റെ വര്‍ഗീയ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ വിദ്യാര്‍ഥികളുടെ പഠനം വഴിമുട്ടിക്കുന്നു. നെയ്യാറ്റിന്‍കര മൂന്ന് കലില്‍മൂട് ഉരൂട്ടുകാല റോഡിലാണ് സിപിഎമ്മിന്റെ വര്‍ഗീയ വിഷം ചീന്തുന്ന ഫ്‌ളക്‌സ് ബോര്‍ഡുകള്‍ സ്ഥാപിച്ചിരിക്കുന്നത്. ഒന്നര കിലോമീറ്ററോളം അടുപ്പിച്ച് വിവിധ തരത്തിലുള്ള ഭയാനകമായ ഫ്‌ളക്‌സ് ബോര്‍ഡുകളാണ് സ്ഥാപിച്ചിരിക്കുന്നത്.
ബോംബ് നിര്‍മാണത്തിനിടെ കണ്ണ് നഷ്ടപ്പെട്ടവര്‍ മുതല്‍ ട്രെയിനിനു മുന്നില്‍ചാടി ആത്മഹത്യചെയ്തവര്‍ വരെയുള്ളവരുടെ ചിത്രങ്ങളാണ് ഫ്‌ളക്‌സ്‌ബോര്‍ഡില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ അടിക്കുറിപ്പ് രാഷ്‌ട്രീയആക്രമണത്തില്‍ രക്തസാക്ഷികളായ സഖാക്കളെന്നാണ്. ബോംബ് നിര്‍മാണത്തിനിടെ പൊട്ടിത്തെറിച്ച് ശരീരത്തിലെ ഉള്‍ഭാഗങ്ങളുടെ പൂര്‍ണ രൂപങ്ങളും ബോര്‍ഡില്‍ അതേരൂപത്തില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള നിരവധി ഫ്‌ളക്‌സുകളാണ് സ്ഥാപിച്ചിരിക്കുന്നത്. ഡോക്ടര്‍ ജിആര്‍ പബ്ലിക്‌സ്‌കൂള്‍, ഗവ. പ്രൈമറിസ്‌കൂള്‍, റ്റിറ്റിഐ തുടങ്ങി മൂന്നിലധികം വിദ്യാലയങ്ങളാണ് ഈ റോഡില്‍ സ്ഥിതി ചെയ്യുന്നത്. ദിവസേന ആയിരത്തിലധികം വിദ്യാര്‍ഥികളാണ് ഇതുവഴി സഞ്ചരിക്കുന്നത്. ഭയാനകചിത്രങ്ങളടങ്ങുന്ന ഫ്‌ളക്‌സുകള്‍ സ്ഥാനം പിടിച്ചതോടെ വിദ്യാര്‍ഥികള്‍ സ്‌കൂളില്‍ പോകാന്‍ വരെ ഭയപ്പെടുന്നെന്ന് രക്ഷിതാക്കള്‍ പറയുന്നു. പ്രൈമറി സ്‌കൂള്‍ കുട്ടികളില്‍ ചിലര്‍ രാത്രി കാലങ്ങളില്‍ ഭയന്ന് നിലവിളിക്കാറുണ്ടെന്നും രക്ഷിതാക്കള്‍ പറയുന്നു.
സ്‌കൂള്‍ അധികൃതര്‍ ഫ്‌ളക്‌സുകള്‍ക്കെതിരെ പരാതി നല്‍കിയെങ്കിലും സിപിഎമ്മിനെ ഭയന്ന് അധികൃതര്‍ നടപടി സ്വീകരിച്ചില്ല. ഇത്തരത്തിലുള്ള ഫ്‌ളക്‌സുകള്‍ സ്ഥാപിച്ച് വിദ്യാര്‍ഥികളില്‍ ഭയം കുത്തിവയ്‌ക്കുകയാണ് സിപിഎം ലക്ഷ്യമിടുന്നതെന്ന് ബിജെപി ആരോപിച്ചു. വഴിയോരങ്ങളില്‍ സ്ഥാപിച്ചിരിക്കുന്ന ഈ ഫ്‌ളക്‌സുകള്‍ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ വകുപ്പ് അധികൃതര്‍ക്കും പോലീസിനും പരാതി നല്‍കാനൊരുങ്ങുകയാണ് ഒരുകൂട്ടം രക്ഷിതാക്കള്‍.
















