അമയന്നൂര്‍ ഭഗീരഥിയമ്മ ശിഷ്യരോടൊത്ത്
അമയന്നൂര്‍ (കോട്ടയം): പതിനായിരക്കണക്കിന് ശിഷ്യര്‍ക്ക് തിരുവാതിരയുടെ ചുവടുകള്‍ പകര്‍ന്ന് നല്‍കിയ അമയന്നൂര്‍ ‘ശിവപൂജ’ (പറപ്പള്ളില്‍) ഭഗീരഥിയമ്മ ഓര്‍മ്മയായി. 99 വയസ്സയായിരുന്നു. ഇന്നലെ പുലര്‍ച്ചെ ആയിരുന്നു അന്ത്യം. സംസ്‌കാരം നടത്തി.
64 വര്‍ഷമായി തിരുവാതിരകളിയെ മനസ്സില്‍ കൊണ്ട് നടന്നു. ജീവിതത്തിന്റെ അവസാന നാളുകളിലും തിരുവാതിര സംഘത്തില്‍ സജീവമായിരുന്നു.
കേരളത്തിലാകെ ഭഗീരഥിയമ്മയ്‌ക്ക് ശിഷ്യഗണങ്ങളുണ്ട്. സ്‌കൂള്‍, കോളേജ് കലോത്സവങ്ങള്‍ക്കായി തിരുവാതിര അഭ്യസിപ്പിക്കാന്‍ കുട്ടികള്‍ തേടിവന്നിരുന്നു. മൂന്ന് തലമുറയില്‍പ്പെട്ടവര്‍ ഇവരുടെ ശിഷ്യരാണ്. ഇന്ന് കാണുന്ന രീതിയില്‍ തിരുവാതിര ചിട്ടപ്പെടുത്തിയതാണ് ഇവരെ പ്രശസ്തയാക്കിയത്. നിരവധി വിദ്യാര്‍ത്ഥികളെ തിരുവാതിര അഭ്യസിപ്പിച്ച് കലാമത്സരങ്ങളില്‍ പങ്കെടുപ്പിച്ചു.
കോട്ടയം സിഎംഎസ് കോളേജ്, ബസേലിയോസ് കോളേജ്, എംജിഎം ളാക്കാട്ടൂര്‍ സ്‌കൂള്‍ തുടങ്ങിയ കലാലയങ്ങളില്‍ വര്‍ഷങ്ങളോളം ഭഗീരഥിയമ്മ തിരുവാതിര പഠിപ്പിച്ചു. തിരുവാതിര രംഗത്തെ പ്രശസ്തരായ ഹൈമി, ജയന്തി തുടങ്ങിയവരും ശിഷ്യരാണ്. മകള്‍ വിജയകുമാരി അമ്മയുടെ പിന്‍തലമുറക്കാരിയായി ഇന്ന് തിരുവാതിരരംഗത്ത് സജീവയാണ്.
മക്കള്‍: ജനാര്‍ദനന്‍ നായര്‍ (അന്തിനാട്), വിജയകുമാരി (അമയന്നൂര്‍), ഇന്ദിരാദേവി (അമയന്നൂര്‍). മരുമക്കള്‍: വിശ്വനാഥന്‍ നായര്‍, ഓമന, പരേതനായ നാരായണന്‍.
















