കോട്ടയം: അഖില വിഷയത്തില്‍ സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ് നടത്തിയ കളക്ടറേറ്റ് മാര്‍ച്ചിനിടെയില്‍ പോലീസിനെ ആക്രമിച്ചു. കളക്ടറേറ്റിന് സമീപം മാര്‍ച്ച് തടഞ്ഞ പോലീസ് ഉദ്യോഗസ്ഥരെ ദേഹോപദ്രവം ഏല്പിച്ചതിന് എട്ടുപേരെ അറസ്റ്റ് ചെയ്തു.
അക്രമത്തില്‍ ഈസ്റ്റ് സിഐ സാജുവര്‍ഗീസിന് കൈയ്‌ക്കും വിരലുകള്‍ക്കും പരിക്കേറ്റു. കളക്ടറേറ്റിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ പോലീസിനെ ആക്രമിക്കുകയായിരുന്നു. അനുവാദമില്ലാതെ പ്രകടനം നടത്തിയതിനും ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിനും ദേഹോപദ്രവം ഏല്പിച്ചതിനുമാണ് സോളിഡാരിറ്റി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തത്.
കിളിരൂര്‍ സ്വദേശി ജവാദ് (28), മുണ്ടക്കയം സ്വദേശി അല്‍ത്താഫ് (23), മുണ്ടക്കയം സ്വദേശി ബാദുഷ (30), ഈരാറ്റുപേട്ട സ്വദേശി സബീര്‍ (18), സംക്രാന്തി സ്വദേശി അജ്മല്‍ (20), ഈരാറ്റുപേട്ട സ്വദേശികളായ നദീര്‍ (18), സമീര്‍ (27), സാദിഖ് (27) എന്നിവരാണ് അറസ്റ്റിലായത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
















