മാനന്തവാടി:നഗരസഭ പരിധിയിലെ മേലെ 54 കോതമ്പറ്റ കോളനി വാസികളുടെ വീടെന്ന സ്വപ്നം യാഥാർത്ഥ്യമാകുന്നു. പട്ടികവർഗ്ഗ വകുപ്പ് അനുവദിച്ച 50 ലക്ഷത്തോളം രുപ ഉപയോഗിച്ച് നിർമ്മിക്കുന്ന വീടുകളുടെ തറകല്ലിടൽ ചടങ്ങ് നടത്തി. സ്വന്തമായി സ്ഥലം പോലും ഇല്ലാത്ത കോളനിവാസികൾക്ക് നഗരസഭ കൗൺസിലർ ജേക്കബ് സെബാസ്റ്റ്യനാണ് സ്വന്തം കയ്യിൽ നിന്ന് പണം മുടക്കി 12 കുടുംബങ്ങൾക്ക് 5 സെന്റ് വീതം സ്ഥലം വാങ്ങി നൽകിയത്. ഈ കുടുംബങ്ങൾക്കാണ് പട്ടികവർഗ്ഗ വകുപ്പ് ഒരു വീടിന് മൂന്നര ലക്ഷം രൂപ വീതം അനുവദിച്ചത്. ട്രൈബൽ വെൽഫെയർ സൊസൈറ്റി പ്രസിഡന്റ് ഇ കെ .രാമന്റെ നേതൃത്വത്തിലാണ് നിർമ്മാണ പ്രവർത്തികൾ നടത്തുന്നത്. സ്വന്തമായി ഭൂമിയും വീടും ലഭിച്ചതിൽ ഏറെ സന്തോഷമുണ്ടെന്ന് കോളനിവാസികൾ പറഞ്ഞു. 2018 മാർച്ച് മാസത്തിനുള്ളിൽ മുഴുവൻ വീടുകളുടെയും പ്രവർത്തികൾ പൂർത്തീകരിക്കാനാണ് ഉദ്ദേശിക്കുന്നത്.കോളനിയിലേക്കുള്ള നടപ്പാത കോൺക്രീറ്റ് ചെയ്യുന്നതിനായി നഗരസഭ 4 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്. തറക്കല്ലിടൽ കർമ്മം വാർഡ് കൗൺസിലർ ജേക്കബ് സെബാസ്റ്റ്യൻ നിർവ്വഹിച്ചു. സ്റ്റെർവിൻ സ്റ്റാനി, ഹരി ചാലിഗദ്ധ, ജെയിംസ് തേനം കുഴി, റെജി അറക്കാപറമ്പിൽ, ജേക്കബ് ഐക്കര കുടി, യാക്കോബ് നാരി വേലിൽ, പോൾ അറക്കാപറമ്പിൽ, വെളുക്കൻ കോതംമ്പറ്റ, ബിന്ദു, ചന്ദ്രൻ എന്നിവർ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: