തിരുവനന്തപുരം: പെരിങ്ങമ്മല ഇക്ബാല്‍ കോളേജില്‍ പ്രിന്‍സിപ്പലായി ജോലി ചെയ്ത അധ്യാപികക്ക് ജോലി ചെയ്ത കാലയളവില്‍ പ്രിന്‍സിപ്പലിന്റെ ശമ്പളം നല്‍കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. രണ്ട് മാസത്തിനകം ശമ്പളവും കുടിശികയും നല്‍കിയ ശേഷം നടപടി റിപ്പോര്‍ട്ട് ഹാജരാക്കണമെന്ന് കമ്മീഷന്‍ ആക്റ്റിംഗ് അധ്യക്ഷന്‍ പി.മോഹനദാസ് ആവശ്യപ്പെട്ടു. ടീച്ചിംഗ് പ്രാക്ടീസായി ലഭിക്കേണ്ട 3000 രൂപയും ഇതിനൊപ്പം നല്‍കണമെന്ന് ഇക്ബാല്‍ കോളേജ് മാനേജര്‍ക്ക് കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി.
ഡോ.എസ്.ഷര്‍മ്മില നല്‍കിയ പരാതിയിലാണ് നടപടി. തുടക്കത്തില്‍ 8000 രൂപയായിരുന്നു ശമ്പളം. ശമ്പളം വര്‍ധിപ്പിക്കാന്‍ കാലാകാലങ്ങളില്‍ അപേക്ഷ നല്‍കിയെങ്കിലും ഫലമുണ്ടായില്ല. ഇതിനിടെ അവധിയില്‍ പോയ പ്രിന്‍സിപ്പലിന്റെ ചുമതല നല്‍കി. എന്നാല്‍ താന്‍ പ്രിന്‍സിപ്പലായാണ് ജോലി ചെയ്തതെന്ന് പരാതിക്കാരി അറിയിച്ചു. ഇത് തെളിയിക്കുന്നതിന് കോളേജ് സെക്രട്ടറി തനിക്ക് പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടുണ്ട്. 2014 നവംബര്‍ മുതല്‍ കോളേജ് പ്രിന്‍സിപ്പലായി ജോലി ചെയ്തതിന്റെ തെളിവും പരാതിക്കാരി ഹാജരാക്കി. നാച്വറല്‍ സയന്‍സ് വിഭാഗത്തില്‍ ജോലി ചെയ്ത അധ്യാപിക കഠിനാദ്ധ്വാനിയും കൃത്യതയുമുള്ള വ്യക്തിയാണെന്ന് കോളേജ് മാനേജര്‍ അഭിപ്രായപ്പെട്ടതായും കമ്മീഷന്‍ കണ്ടെത്തി. കോളേജ് അധികൃതര്‍ അധ്യാപികക്ക് ശമ്പളം നല്‍കാത്തതു സംബന്ധിച്ച് കമ്മീഷനില്‍ ഹാജരാക്കിയ റിപ്പോര്‍ട്ട് തെറ്റാണെന്നും കമ്മീഷന്‍ കണ്ടെത്തി.
പരാതിക്കാരി പ്രിന്‍സിപ്പലായി പ്രവര്‍ത്തിച്ചിരുന്ന കാലത്ത് പ്രിന്‍സിപ്പലിന്റെ ശമ്പളം ലഭിക്കാന്‍ അര്‍ഹതയുണ്ടെന്ന് കമ്മീഷന്‍ ഉത്തരവില്‍ പറഞ്ഞു.
















