വിഴിഞ്ഞം: തീരത്ത്എത്തിയ നാവികസേനയുടെ യുദ്ധകപ്പലുകളില്‍ സന്ദര്‍ശനം ലഭിക്കാത്തതിനാല്‍ നിരാശരായി വിഴിഞ്ഞം നിവാസികള്‍. നാവികര്‍ക്ക് തീരം മനസ്സിലാക്കാന്‍ എത്തിയതിനാലാണ് ഇത്തവണ സന്ദര്‍ശകര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്. അടുത്ത മാസം വീണ്ടും എത്തുമ്പോള്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനം അനുവദിക്കും.
ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെയാണ് നാവികസേനയുടെ യുദ്ധകപ്പലായ ഐഎന്‍എസ് കല്‍പേനി, ഐഎന്‍എസ് കബ്ര എന്നിവ വിഴിഞ്ഞത്തെ പുതിയ വാര്‍ഫില്‍ അടുത്തത് നാവിക വാരാഘോഷങ്ങളുടെ ഭാഗമായാണ് ഇവിടെ കപ്പലുകള്‍ എത്തിയത്. കാര്‍ നിക്കോബാര്‍ ക്ലാസ് പട്രോള്‍ വിഭാഗത്തില്‍ പെടുന്നവയാണ് ഇത്തരം കപ്പലുകള്‍. അതിവേഗ കപ്പലുകളായ ഇവ കരയോടടുത്ത് നിരീക്ഷണത്തിനായാണ് ഉപയോഗിക്കുന്നത്. ഇവയില്‍ ഓരോന്നിലും മൂന്നു ഓഫീസര്‍മാരും 38 നാവികരും ഉണ്ട്. കടല്‍കൊള്ള, കള്ളക്കടത്ത് എന്നിവ തടയുന്നതിനായാണ് കല്‍പേനി ഉപയോഗിക്കുന്നത്. കബ്രയിലെ ക്യാപ്റ്റന്‍ ലഫ്.കമാന്‍ഡന്റ് ബ്രിജ്കിഷോറിന്റെ നേതൃത്വത്തിലും കല്‍പേനിയിലെ ക്യാപ്റ്റന്‍ ലഫ്.കമാന്‍ഡന്റ് രവീന്ദറിന്റെ നേതൃത്വത്തിലുമാണ് നാവിക കപ്പലുകള്‍ വിഴിഞ്ഞത്ത് അടുത്തത്. യുദ്ധകപ്പലുകളുടെ വരവറിഞ്ഞ് കപ്പലിനെ നേരില്‍ കണ്ടറിയാനും സെല്‍ഫി എടുക്കാനും സന്ദര്‍ശകര്‍ എത്തിയിരുന്നു. വിഴിഞ്ഞത്തെത്തിയ പടക്കപ്പലുകളുടെ നാവികരെ തുറമുഖ പര്‍സര്‍ സുരേന്ദ്രനാഥ്, പോര്‍ട്ട് കണ്‍സര്‍വേറ്റര്‍ അനിത.എ.നായര്‍, വാര്‍ഫ് സൂപ്രവൈസര്‍മായ കെ.അനില്‍കുമാര്‍, എം.എസ്.അജീഷ്, സിഗ്‌നലര്‍ സുനിമോള്‍ എന്നിവര്‍ ഉള്‍പ്പെടെയുളളവര്‍ സ്വീകരിച്ചു. ഇന്ന് രാവിലെ ഒന്‍പതോടെ കപ്പലുകള്‍ കൊച്ചിയിലേക്ക് മടങ്ങും.
















