കൊച്ചി: ഹരിത പരിസ്ഥിതി സംരക്ഷണം എന്ന ലക്ഷ്യത്തോടെ എണ്ണക്കമ്പനികളുടെ ആഭിമുഖ്യത്തില്‍ അഖിലേന്ത്യാ തലത്തില്‍ 76 സൈക്ലോത്തോണ്‍ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു.
എണ്ണ സംരക്ഷണത്തിന് ഊന്നല്‍ നല്‍കിക്കൊണ്ട് ഒരു ദിവസം പെട്രോളും ഡീസലും ഒഴിവാക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിര്‍ദേശം മുന്‍നിര്‍ത്തിയാണ് സൈക്ലോത്തോണ്‍ സംഘടിപ്പിക്കുന്നത്. ഇതിന്റെ മുന്നോടിയായി ന്യൂദല്‍ഹിയില്‍ നടന്ന സൈക്ലോത്തോണില്‍ എലൈറ്റ് പുരുഷ വിഭാഗത്തില്‍ സത്ബീര്‍ സിംഗും വനിതാ വിഭാഗത്തില്‍ ടി മനോരമാ ദേവിയും വിജയികളായി.
പെട്രോളിയം കണ്‍സര്‍വേഷന്‍ ആന്‍ഡ് റിസര്‍ച്ച് അസോസിയേഷന്, ഐഒസിഎല്‍, ബിപിസിഎല്‍, എച്ച്പിസിഎല്‍, ഒഎന്‍ജിസി, ഗെയ്ല്, ഓയില്‍, എംആര്‍പിഎല്‍, സിപിസിഎല്എന്ആര്എല്, ഐജിഎല്‍ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലായിരുന്നു ദല്‍ഹി സൈക്ലത്തോണ്‍. കേന്ദ്രമന്ത്രി ധര്‍മേന്ദ്ര പ്രധാന് ഫ്ളാഗ് ഓഫ് ചെയ്തു.
സൈക്ലോത്തോണിന്റെ പ്രയോജനങ്ങള്‍ നിരവധിയാണെന്ന് കേന്ദ്രമന്ത്രി ധര്‍മേന്ദ്ര പ്രധാന് ചൂണ്ടിക്കാട്ടി. എണ്ണ സംരക്ഷണം, പരിസ്ഥിതി സംരക്ഷണം എന്നിവയ്ക്ക് പുറമെ ആരോഗ്യ, ഫിറ്റ്നസ് നേട്ടങ്ങളും വലുതാണ്. എണ്ണയെ കൂടുതല്‍ ആശ്രയിക്കുന്ന പ്രവണത മാറ്റിയെടുക്കുക കൂടിയാണ് ലക്ഷ്യം. പ്രശസ്ത നടന് ഫര്ഹാന് അക്തറും സൈക്ലോത്തോണില്‍ പങ്കെടുത്തു.
















