കോഴിക്കോട്: ഗെയില്‍ പൈപ്പ്‌ലൈന്‍ സ്ഥാപിക്കുന്ന പ്രദേശങ്ങില്‍ 10 സെന്റില്‍ താഴെ ഭൂമിയുള്ളവര്‍ക്ക് പ്രത്യേക പാക്കേജ്. പദ്ധതിക്കെതിരെ മുക്കത്ത് നടന്ന സമരത്തിനെ തുടര്‍ന്ന് വ്യവസായ മന്ത്രി എ.സി. മൊയ്തീന്റെ സാന്നിദ്ധ്യത്തില്‍ കോഴിക്കോട് കളക്ടറേറ്റില്‍ നടന്ന ചര്‍ച്ചയിലാണ് തീരുമാനം. പൈപ്പിടാന്‍ 20 മീറ്റര്‍ സ്ഥലം ഏറ്റെടുക്കുമ്പോള്‍ 10 സെന്റില്‍ കുറവുള്ള ദരിദ്രരായ വിഭാഗങ്ങളുടെ ബുദ്ധിമുട്ട് പരിഹരിക്കും. പരമാവധി ഏറ്റെടുക്കുന്ന ഭൂമിയുടെ അളവ് കുറച്ച് വീടുകള്‍ സംരക്ഷിച്ചാകണം പൈപ്പിടാനെന്നും തീരുമാനമായി.
അലൈന്‍മെന്റില്‍ മാറ്റമുണ്ടാകണമെന്ന സമര സമിതിയുടെ ആവശ്യം അംഗീകരിക്കാനാവില്ലെന്ന് മന്ത്രി എ.സി. മൊയ്തീന്‍ അറിയിച്ചു. നഷ്ടപരിഹാര തുക വര്‍ദ്ധിപ്പിക്കണമെന്ന കാര്യം സര്‍ക്കാര്‍ പരിഗണിക്കും. കേന്ദ്ര-കേരള സര്‍ക്കാര്‍ ഏജന്‍സികളുടെ സഹായത്തോടെ സുരക്ഷ ഉറപ്പാക്കും. പഞ്ചായത്തുകളില്‍ ഗെയില്‍ ഉദ്യോഗസ്ഥരടങ്ങുന്ന ഹെല്‍പ്പ്‌ലൈനുകള്‍ സ്ഥാപിച്ച് പരാതികള്‍ പരിഹരിക്കും. പണി തുടങ്ങിയ സ്ഥലങ്ങളില്‍ രേഖകള്‍ നല്‍കുന്നതിനനുസരിച്ച് ഒരാഴ്ചക്കകം പണം നല്‍കും. പണി നടക്കാത്ത സ്ഥലങ്ങളില്‍ മൂന്നാഴ്ചക്കുള്ളില്‍ അഡ്വാന്‍സ് നല്‍കും. പോലീസിന്റെ ഭാഗത്തു നിന്നുണ്ടായ നടപടികള്‍ പരിധി വിട്ടോ എന്ന കാര്യം അന്വേഷിക്കും. കേസുകള്‍ സംബന്ധിച്ച് മുഖ്യമന്ത്രി തീരുമാനമെടുക്കും.
വീടുകള്‍ റെയ്ഡ് ചെയ്യുന്നത് അവസാനിപ്പിക്കും. ഇക്കാര്യം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തും. വയലിന് നഷ്ടപരിഹാരത്തുക കുറവാണെന്ന സാഹചര്യത്തില്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ കളക്ടറെ ചുമതലപ്പെടുത്തി.
















