കൊച്ചി: പണവും ജോലിയും നല്‍കാമെന്ന് പ്രലോഭിപ്പിച്ചും, ഭീഷണിപ്പെടുത്തിയും കേരളത്തില്‍ പെണ്‍കുട്ടികളെ നിര്‍ബന്ധിച്ചു മതംമാറ്റുന്നതായി കണ്ടെത്തിയിട്ടുണ്ടെന്ന് ദേശീയ വനിതാ കമ്മിഷന്‍ അധ്യക്ഷ രേഖ ശര്‍മ്മ. കൊച്ചിയില്‍ കമ്മീഷന്റെ സിറ്റിങ്ങിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു രേഖ.
പതിനേഴു വയസ്സുളള ഒരു പെണ്‍കുട്ടി കമ്മീഷന് മുമ്പില്‍ എത്തിയിരുന്നു. പ്രായപൂര്‍ത്തിയാകാത്തവരും ഇത്തരം അപകടത്തില്‍പ്പെടുന്നുണ്ട്. പരാതികളെക്കുറിച്ചുളള റിപ്പോര്‍ട്ട് ഡിജിപിയ്‌ക്ക് കൈമാറും. ഏഴാം ക്ലാസില്‍ പഠിക്കുന്ന കുട്ടി തന്റെ സഹപാഠിയോട് മതം മാറുകയാണെങ്കില്‍ തങ്ങളുടെ കുടുംബം അഞ്ച് ലക്ഷം രൂപ വരെ തരുമെന്നാണ് പറഞ്ഞത്. സ്ത്രീകളുടെ സുരക്ഷയുടെ കാര്യത്തില്‍ രാഷ്‌ട്രീയമില്ല.
അഖില കേസ് ലൗ ജിഹാദുമായി താരതമ്യപ്പെടുത്തരുത്. അഖിലയും, ഭര്‍ത്താവായ വ്യക്തിയുമായി കണ്ടിട്ടും സംസാരിച്ചിട്ടും ഉളളത് രണ്ടോ മൂന്നോ പ്രാവശ്യം മാത്രമാണ്. ഇതില്‍ എവിടെയാണ് പ്രണയം ഉണ്ടായിരിക്കുന്നത്. ഇത് പ്രണയമെന്ന് പറയാനാവില്ല. മൂന്നാമതൊരാളാണ് വിവാഹം ചെയ്ത് നല്‍കിയതും. നിര്‍ബന്ധിത മതപരിവര്‍ത്തനവും ലൗ ജിഹാദും രണ്ടാണ്. അഖില കേസില്‍ സംസ്ഥാന വനിതാ കമ്മീഷന്റെ നിലപാട് അറിയില്ലെന്നും അവര്‍ പറഞ്ഞു.
















