കൊച്ചി: കൊല്ലം ട്രിനിറ്റി ലൈസിയം സ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി ഗൗരി നേഹ ആത്മഹത്യ ചെയ്ത സംഭവത്തില്‍ അധ്യാപികമാര്‍ക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം നിലനില്‍ക്കുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. മുന്‍കൂര്‍ ജാമ്യാപേക്ഷ സിംഗിള്‍ ബെഞ്ച് ഇന്ന് പരിഗണിക്കാന്‍ മാറ്റി. അധ്യാപികമാരായ ക്രസന്‍സ് നേവിസ്, സിന്ധുപോള്‍ എന്നിവര്‍ നല്കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് പ്രോസിക്യൂഷന് ഇക്കാര്യം വ്യക്തമാക്കിയത്.
അധ്യാപികമാര്‍ ശകാരിച്ചതിനെത്തുടര്‍ന്നാണ് പെണ്‍കുട്ടി ആത്മഹത്യ ചെയ്തതെന്ന് സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ വ്യക്തമാകും. ഉച്ച ഭക്ഷണം കഴിക്കാനിരുന്ന കുട്ടിയെ മറ്റൊരു ക്ലാസിലേക്ക് കൊണ്ടുപോയി പരസ്യമായി ശാസിച്ചു. ദൃശ്യങ്ങളില്‍ നിന്ന് ഇക്കാര്യം വ്യക്തമാണ്. കൂടുതല്‍ വിവരങ്ങള്‍ ലഭിക്കാന്‍ അധ്യാപികമാരെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യണം. പ്രോസിക്യൂഷന് വാദിച്ചു.വിദ്യാര്‍ത്ഥികള്‍ തമ്മിലുള്ള നിസ്സാര പ്രശ്നം മൂലമാണ് ഗൗരി ആത്മഹത്യ ചെയ്തതെന്നും തങ്ങള്‍ക്ക് ഇതില്‍ പങ്കില്ലെന്നുമുള്ള അധ്യാപികമാരുടെ വാദം ശരിയല്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കക്ഷി ചേരാന്‍ ഗൗരി നേഹയുടെ പിതാവ് പ്രസന്നകുമാര്‍ ഹൈക്കോടതിയെ സമീപിച്ചു. ഗൗരിയുടെ അധ്യാപികയായ രണ്ടാം പ്രതി നടത്തുന്ന സ്വകാര്യ ട്യൂഷനു ചേരാത്തതിനാല്‍ ഗൗരിയോടും തങ്ങളോടും താല്പര്യമുണ്ടായിരുന്നില്ലെന്നും നിസ്സാര കാര്യത്തിന് നാല് മണിക്കൂര്‍ ക്ലാസില്‍ നിറുത്തി ഗൗരിയെ അപമാനിച്ചെന്നും ഹര്‍ജിയില്‍ പറയുന്നു. ഒന്നാം പ്രതിയായ ടീച്ചര്‍ എട്ടാം ക്ളാസ് വിദ്യാര്‍ത്ഥിനിയായ രണ്ടാമത്തെ മകളെ ക്ലാസില്‍ ആണ്‍കുട്ടികള്‍ക്കൊപ്പം ഇരുത്തിയതിനെതിരെ സ്കൂള്‍ അധികൃതര്‍ക്ക് പരാതി നല്‍കിയിരുന്നു. സല്പേരിനെ ബാധിക്കുമെന്ന് സ്കൂള്‍ അധികൃതര്‍ പറഞ്ഞതിനാലാണ് പോലീസില്‍ പരാതിപ്പെടാതിരുന്നത്.
















