വൈക്കം: നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് ഇരയായ അഖില വീട്ടില്‍ സുരക്ഷിതയെന്നും മാധ്യമങ്ങള്‍ ആരോപിക്കുംപോലെ മനുഷ്യാവകാശ ലംഘനം നടന്നിട്ടില്ലെന്നും ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖ ശര്‍മ്മ. സന്തോഷവതിയും ആരോഗ്യവതിയുമായ അഖില വീട്ടുതടങ്കലിലല്ലെന്നും രേഖ പറഞ്ഞു. വൈക്കം ടിവിപുരത്തെ വീട്ടില്‍ അഖിലയെ സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അവര്‍.
ഇന്നലെ ഉച്ചയ്‌ക്കാണ് രേഖയുടെ നേതൃത്വത്തില്‍ മൂന്നംഗ സംഘം മാതാപിതാക്കളുമായും അഖിലയുമായും കൂടിക്കാഴ്ച നടത്തിയത്. താന്‍ അഖിലയ്‌ക്കൊപ്പം നില്‍ക്കുന്ന, മൊബൈലില്‍ പകര്‍ത്തിയ ചിത്രം മാധ്യമപ്രവര്‍ത്തകരെ കാണിച്ചാണ് കൂടിക്കാഴ്ചയെക്കുറിച്ച് രേഖ വിശദീകരിച്ചത്. അഖില ചിരിച്ചു കൊണ്ട് നില്‍ക്കുന്നതാണ് ചിത്രം.
ലൗ ജിഹാദല്ല കേരളത്തില്‍ നിര്‍ബന്ധിത മതംമാറ്റമാണ് നടക്കുന്നത്. കേന്ദ്രത്തിന് ഇതേക്കുറിച്ച് റിപ്പോര്‍ട്ട് നല്‍കും. ചിരിച്ചുകൊണ്ടാണ് അഖില സംസാരിച്ചത്. 27ന് കോടതിയില്‍ എത്താന്‍ കാത്തിരിക്കുന്നെന്ന് പറഞ്ഞു. അഖിലയുടെ മാതാപിതാക്കളുമായി ഒരു മണിക്കൂറോളം രേഖ സംസാരിച്ചു. പിന്നീട് അഖിലയുമായും അത്രയും നേരം സംസാരിച്ചു. അഖിലയുടെ നിലപാടിനെക്കുറിച്ച് യാതൊന്നും ചര്‍ച്ച ചെയ്തില്ലെന്നും രേഖ വ്യക്തമാക്കി.
മകളെ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് വിധേയമാക്കുകയായിരുന്നെന്നും ഇക്കാര്യം വിശദമായി അന്വേഷിക്കണമെന്നുമാവശ്യപ്പെട്ട് അഖിലയുടെ അമ്മ പൊന്നമ്മ നിവേദനം നല്‍കി.
















