ചാലക്കുടി: റിയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍ രാജീവ് കൊലക്കേസിലെ ഏഴാം പ്രതി അഭിഭാഷകന് ഉദയഭാനുവിനെ മൂന്ന് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു. അന്വേഷണ സംഘത്തോട് വ്യാഴാഴ്ച രാവിലെ 11ന് ഉദയഭാനുവിനെ ചാലക്കുടി കോടതിയില്‍ ഹാജരാക്കണമെന്ന നിര്‍ദേശത്തിലാണ് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് എസ്. സൂരജ് ഉത്തരവിറക്കിയത്.
കസ്റ്റഡിയിലെടുത്ത ഉദയഭാനുവിനെ ഡിവൈഎസ്പി ഓഫീസിലെത്തിച്ച് ചോദ്യം ചെയ്തു വരികയാണ്. ഗൂഢാലോചന കുറ്റമാണ് ഉദയഭാനുവില്‍ ചുമതിയിരിക്കുന്നതെങ്കിലും തനിക്ക് കേസില്‍ പങ്കില്ലെന്ന നിലപാടിലാണ് ഉദയഭാനു. കേസിലെ മറ്റ് ആറു പ്രതികളും ഇരിങ്ങാലക്കുട കോടതിയില്‍ റിമാന്റിലാണ്. ഇവരേയും കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്തപ്പോഴാണ് ഉദയഭാനുവിന് കേസിലുള്ള പങ്ക് വ്യക്തമായത്. ഉദയഭാനുവിനെതിരെ പ്രതികള്‍ വ്യക്തമായ മൊഴിയും നല്‍കിയിട്ടുണ്ട്. തുടര്‍ന്നാണ് കേസില്‍ ഏഴാം പ്രതിയാക്കിയതും.
കൊലപാതകം കഴിഞ്ഞശേഷം ജോണിയും ഉദയഭാനുവും ഇരുപതോളം കോളുകളാണ് വിളിച്ചിരിക്കുന്നതെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. എന്നാല്‍ നിയമവശങ്ങള്‍ എല്ലാം അറിയുന്ന വ്യക്തിയെന്ന നിലയില്‍ പോലീസിന്റെ ചോദ്യങ്ങള്‍ക്കെല്ലാം പഠിച്ച് ധാരണയിലെത്തിയുള്ള മറുപടികളാണ് റൂറല്‍ എസ്.പി യതീഷ് ചന്ദ്രയുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്തപ്പോള്‍ ഉദയഭാനു നല്‍കിയത്.
















