ബാല വരച്ച കാര്‍ട്ടൂണ്‍
തിരുനെല്‍വേലി: തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയടക്കമുള്ളവരെ മോശമായി ചിത്രീകരിച്ചു എന്നാരോപിച്ച് അറസ്റ്റ് ചെയ്ത കാര്‍ട്ടൂണിസ്റ്റ് ജി. ബാലകൃഷ്ണന് (ബാല) കോടതി ജാമ്യം അനുവദിച്ചു.
കര്‍ഷക ആത്മഹത്യയുമായി ബന്ധപ്പെട്ടു വരച്ച കാര്‍ട്ടൂണില്‍ പളനിസ്വാമി, തിരുനെല്‍വേലി കളക്ടര്‍ സന്ദീപ് നന്ദുരി, പോലീസ് കമ്മീഷണര്‍ കപില്‍കുമാര്‍ ശരത്കര്‍ എന്നിവരെയാണ് ബാല ചിത്രീകരിച്ചത്.
വസ്ത്രമൊന്നും ധരിക്കാതെ, നോട്ടുകെട്ടുകള്‍ കൊണ്ട് നാണം മറച്ച് ഇവര്‍ ഒരു കുഞ്ഞിന്റെ ശരീരത്തില്‍ തീയാളുന്നത് കണ്ടു നില്‍ക്കുന്നതായാണ് ബാല ചിത്രീകരിച്ചത്. കളക്ടറുടെ പരാതിയില്‍ ജില്ലാ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരാണ് ബാലയെ അറസ്റ്റ് ചെയ്തത്. ഇന്നലെ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയപ്പോള്‍ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് എം. രാമദാസാണ് ജാമ്യം നല്‍കിയത്.
കളക്‌ട്രേറ്റിനു മുന്നില്‍ ഒരു കര്‍ഷക കുടുംബം ആത്മഹത്യക്കു ശ്രമിച്ചത് നേരിട്ടു കണ്ടതിലുള്ള രോഷം അടക്കാനാവാതെയാണ് ഈ കാര്‍ട്ടൂണ്‍ വരച്ചതെന്ന് കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടു പോകുമ്പോള്‍ ബാല പറഞ്ഞു. ആരെയെങ്കിലും അപമാനിക്കാന്‍ ഉദ്ദേശിച്ചിട്ടില്ല. എന്റെ വികാരപ്രകടനമായിരുന്നു ആ വര, ബാല പറഞ്ഞു.
കോടതി ജാമ്യം അനുവദിച്ചിട്ടും ബാലയെ മോചിപ്പിക്കാന്‍ പോലീസ് മടിച്ചത് കോടതിയില്‍ നേരിയ സംഘര്‍ഷത്തിനു കാരണമായി. ബാലയെ വലിച്ചിഴച്ചു കോടതിക്കു പുറത്തേക്ക് കൊണ്ടുപോകാന്‍ ശ്രമിച്ചപ്പോള്‍ ജഡ്ജി തന്നെ ഇടപെട്ടു. മറ്റൊരു കുറ്റം ചുമത്തി ബാലയെ അറസ്റ്റ് ചെയ്യുന്ന സാഹചര്യം ഒഴിവാക്കാന്‍ അദ്ദേഹത്തെ അഭിഭാഷകരുടെ മുറിയിലേക്കു മാറ്റുകയായിരുന്നു.
















