ആലപ്പുഴ: മെഡിക്കല്‍ വിദ്യാഭ്യാസ സര്‍വ്വീസില്‍ ബിസിവിടി (ബാച്ചിലര്‍ ഡിഗ്രി ഇന്‍ കാര്‍ഡിയോ വാസ്‌കുലര്‍ ടെക്‌നോളജി) ബിരുദക്കാരെ നോക്കുകുത്തികളാക്കി കാത്ത് ലാബ് ടെക്‌നീഷ്യന്‍ തസ്തികയിലേക്ക് പിഎസ്‌സി അപേക്ഷ ക്ഷണിച്ചത് വിവാദമാകുന്നു.
കാര്‍ഡിയോ വാസ്‌കുലര്‍ ടെക്‌നോളജിയില്‍ ബിരുദം കൂടാതെ മറ്റ് സയന്‍സ് വിഷയങ്ങളില്‍ ബിരുദവും ഗവ. മെഡിക്കല്‍ കോളേജിലെ രണ്ടു വര്‍ഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യതയായി പറയുന്നത്. ഈ സാഹചര്യത്തില്‍ നാലുവര്‍ഷത്തെ കോഴ്‌സായ ബിസിവിടി പാസായവര്‍ക്ക് ഈ തസ്തികയിലേക്ക് അപേക്ഷിക്കാന്‍ കഴിയില്ല.
അതിനാല്‍ ബിസിവിടി പഠിച്ചിറങ്ങുന്നവര്‍ക്ക് സര്‍ക്കാര്‍ ജോലി സ്വപ്‌നമായി അവശേഷിക്കുന്നു. ഇതിനെതിരെ പിഎസ്‌സിക്കും മെഡിക്കല്‍ വിദ്യാഭ്യാസ അധികൃതര്‍ക്കും പരാതി നല്‍കിയെങ്കിലും നടപടിയുണ്ടാകുന്നില്ലെന്നു നിയമനടപടി സ്വീകരിക്കുമെന്നും വിദ്യാര്‍ത്ഥികള്‍ അറിയിച്ചു.
















