കായകുളം: പത്ത് മാസം പ്രായമുള്ള കുഞ്ഞിനെ കുളിപ്പിക്കുന്നതിനിടയില്‍ പിന്നിലൂടെ എത്തിയ മുഖംമൂടി ധാരി വീട്ടമ്മയുടെ ഒന്നരപവന്റെ മാല പൊട്ടിച്ച് കടന്നുകളഞ്ഞു. കൃഷ്ണപുരം ഞക്കനാല്‍ കൈലാസ് വീട്ടില്‍ ബിനുവിന്റെ ഭാര്യ ചിത്രയുടെ കഴുത്തില്‍ കിടന്ന 12 ഗ്രാം തൂക്കം വരുന്ന താലിമാലയാണ് മോഷ്ടാവ് അപഹരിച്ചത്.
കഴിഞ്ഞ ദിവസം രാത്രി എട്ടുമണിയോടെ വീടിന്റെ അടുക്കള വാതുക്കല്‍ നിന്ന് കുഞ്ഞിനെ കുളിപ്പിക്കുന്നതിനിടയില്‍ ഇരുട്ടില്‍ ഒളിച്ചുനിന്ന മോഷ്ടാവ് പിന്നിലൂടെ എത്തി കഴുത്തില്‍നിന്ന് മാലപൊട്ടിച്ചത്. കൈലി മാത്രമുടുത്ത് തോര്‍ത്ത് കൊണ്ട് മുഖം മറച്ചിരുന്നതിനാല്‍ ആളെ തിരിച്ചറിയാന്‍ സാധിച്ചില്ല.
പെട്ടെന്ന് നടന്ന സംഭവത്തില്‍ ഭയന്ന ചിത്രയുടെ നിലവിളികേട്ട് വീട്ടുകാരും സമീപവാസികളും ഓടിയെത്തി തെരഞ്ഞെങ്കിലും ഇരുട്ടില്‍ ഓടിമറഞ്ഞ ആളെ കണ്ടെത്താനായില്ല. വിവരമറിഞ്ഞ് പോലീസ് എത്തി രണ്ടുമണിക്കൂറോളം സമീപപ്രദേശങ്ങളില്‍ അന്വേഷിച്ചെങ്കിലും ആരെയും പിടികൂടാന്‍ കഴിഞ്ഞില്ല.
വീടും പരിസരവും അറിയുന്ന ആളായിരിക്കണം മോഷ്ടാവ് എന്നാണ് വീട്ടുകാര്‍ പറയുന്നത്. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
















