ആലപ്പുഴ: ഗുജറാത്തി പൈതൃക പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്കു മാറിയ ആലപ്പുഴയിലുണ്ടായിരുന്ന ഗുജറാത്തി സമൂഹങ്ങളെയും നിലവിലുള്ള ഗുജറാത്തി സമൂഹത്തിലെ പ്രമുഖരെയും ഉള്‍പ്പെടുത്തി ശില്‍പശാല 11, 12 തീയതികളില്‍ ആലപ്പുഴയില്‍ നടക്കും.
നഗരത്തിലെ ഗുജറാത്തി സ്‌കൂളിലാണു ശില്‍പശാല നടക്കുക. രണ്ടു ദിവസത്തെ ശില്‍പശാലയില്‍ ആലപ്പുഴ ഗുജറാത്തി പൈതൃക പദ്ധതിക്ക് അന്തിമരൂപം നല്‍കുമെന്നു മന്ത്രി തോമസ് ഐസക് പറഞ്ഞു. നിര്‍ദ്ദിഷ്ട ആലപ്പുഴ പൈതൃക നഗര പദ്ധതിയുടെ ഭാഗമായാണു ഗുജറാത്തിപൈതൃക പദ്ധതി നടപ്പാക്കുക. ഇന്ത്യയിലെ പ്രധാന ക്യുറേറ്റര്‍മാരും ബിനാലെ ആര്‍ട്ടിസ്റ്റുകളും ഇതില്‍ പങ്കാളികളാകും.
ഗുജറാത്തി ക്വാര്‍ട്ടേഴ്‌സിലൂടെയുള്ള നടപ്പ് ‘മെമ്മറി ലെയ്ന്‍ വോക്’ എന്ന പേരില്‍ അനുഭവമാക്കും. പദ്ധതി പൂര്‍ണമായ ശേഷം കേന്ദ്രസര്‍ക്കാരിനു സമര്‍പ്പിക്കും. ആലപ്പുഴ പൈതൃക പദ്ധതിയില്‍ കയര്‍ മ്യൂസിയം ഒഴികെയുള്ള പൈതൃക മ്യൂസിയങ്ങള്‍ക്ക് 200 കോടി രൂപയുടെ ചെലവുണ്ടാകും. അതിനു കിഫ്ബിയില്‍ നിന്നു പണം അനുവദിക്കുകയെന്നും മന്ത്രി പറഞ്ഞു.
















