ബത്തേരി: ജനവാസകേന്ദ്രത്തിലെത്തിയ കാട്ടുപോത്ത് ഭീതിവിതച്ചു. ഇന്നലെ രാവിലെയാണ് നെന്മേനിപഞ്ചായത്തിലെ വിവിധ ഭാഗങ്ങളില്‍ കാട്ടുപോത്തിറങ്ങിയത്. അരിമാനി ഭാഗത്ത് ഗോത്രവര്‍ഗ കോളനിക്ക് സമീപമാണ് ആദ്യം കാട്ടുപോത്തിനെ കണ്ടത്. വിവരമറിഞ്ഞ് നാട്ടുകാര്‍ സ്ഥലത്ത് തടിച്ചുകൂടി. ഇതോടെ കാട്ടുപോത്ത് ഇവിടെ നിന്നു കൃഷിയിടത്തിലൂടെ പുത്തന്‍കുന്ന് ഭാഗത്തേക്ക് നീങ്ങി.
പിന്നീട് മുത്തങ്ങയില്‍ നിന്നും മേപ്പാടി റേഞ്ചില്‍ നിന്നും വനപാലകരും സ്ഥലത്തെത്തി. തുടര്‍ന്നു കാട്ടുപോത്തിനെ തുരത്താനുള്ള നടപടികള്‍ ആരംഭിച്ചു. പക്ഷേ, ആളുകള്‍ കൂടിയതിനാല്‍ കാട്ടുപോത്തിന് വനത്തിലേക്ക് തിരികെ കയറാന്‍ കഴിയാതെ വന്നു. പരിഭ്രാന്തിയിലായ പോത്ത് ജനവാസമേഖലകളിലൂടെയും കൃഷിയിടങ്ങളിലൂടെയും റോഡുകളിലൂടെയും കിലമീറ്ററുകളോളം സഞ്ചരിച്ചു. പലരും തലനാരിഴയ്ക്കാണ് കാട്ടുപോത്തിന്റെ മുന്നില്‍നിന്നു രക്ഷപ്പെട്ടത്. പുത്തന്‍കുന്നില്‍ നിന്നു കാട്ടുപോത്ത് ബത്തേരി റോഡിലൂടെ തൊടുവെട്ടിയിലെത്തി. കൂട്ടംതെറ്റി ജനവാസകേന്ദ്രത്തിലെത്തിയ കാട്ടുപോത്ത് 10 കിലോമീറ്ററോളം ദൂരമാണ് കൃഷിയിടങ്ങളിലൂടെയും മറ്റും സഞ്ചരിച്ചത്. രാവിലെ ജനവാസകേന്ദ്രത്തില്‍ കണ്ടെത്തിയ കാട്ടുപോത്തിനെ ഉച്ചയ്ക്ക് രണ്ടോടെയാണ് കാട്ടിലേക്ക് തുരത്താന്‍ സാധിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: