തിരുവനന്തപുരം: കടകംപളളിയില്‍ സിപിഎമ്മും യുവജന സംഘടനയായ ഡിവൈഎഫ്‌ഐയും പോര്‍വിളി മുഴക്കി ചേരിതിരിയുന്നു. ലോക്കല്‍ കമ്മറ്റിയില്‍ ഡിവൈഎഫ്‌ഐ പ്രാദേശികനേതാവിന് വേണ്ട പ്രാതിനിധ്യം കിട്ടാത്തതാണ് ചേരിതിരിവിന് കാരണം.
കരിക്കകത്ത് വായനശാലയ്‌ക്ക് സമീപം സിപിഎമ്മിന്റെ കൊടിമരം തകര്‍ത്തത് ഡിവൈഎഫ്‌ഐയുടെ അറിവോടെയാണെന്നതും പോരിന് ശക്തിപകരുന്നു. ശനിയാഴ്ച പുലര്‍ച്ചെയോടെയാണ് കൊടിമരം ഒടിച്ചിട്ട നിലയില്‍ കണ്ടത്. ലോക്കല്‍ സമ്മേളനത്തോടനുബന്ധിച്ച് നാട്ടിയതായിരുന്നു കൊടിമരം. സംഭവം ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കു മേല്‍ കെട്ടിവയ്‌ക്കാനുളള ശ്രമമാണ് പാര്‍ട്ടി നേതൃത്വം നടത്തിയത്. മാത്രമല്ല പോലീസിനെ വ്യന്യസിച്ച് കരിക്കകത്തെ സംഘര്‍ഷഭരിത പ്രദേശമായി ചിത്രീകരിക്കുകയും ചെയ്തു. അതേസമയം ഡിവൈഎഫ്‌ഐ കടകംപളളി ലോക്കല്‍ കമ്മറ്റി നേതാവിനെ പാര്‍ട്ടി ലോക്കല്‍ കമ്മറ്റിയില്‍ ഉള്‍പ്പെടുത്താത്തതിലുളള വൈരാഗ്യമാണ് കൊടിമരം മുറിക്കലിന് പിന്നിലെന്നാണ് ആരോപണം.
ഇതിനെ അടിസ്ഥാനമാക്കി പ്രാദേശിക ഡിവൈഎഫ്‌ഐ നേതാവിന്റെ പേര് പൊന്തി വന്നെങ്കിലും നേതൃത്വം മറച്ചുപിടിക്കുകയായിരുന്നു. പേട്ട ലോക്കല്‍ സമ്മേളനത്തിലുണ്ടായ വിഭാഗീയ പ്രശ്‌നങ്ങളില്‍ സിപിഎമ്മും രണ്ടുതട്ടിലാണ്. മുന്‍വര്‍ഷത്തെ ലോക്കല്‍ കമ്മറ്റിയില്‍ പ്രാതിനിധ്യം നല്‍കാത്തതിനെ തുടര്‍ന്ന് ലോക്കല്‍ സമ്മേളനത്തില്‍ നിന്നിറങ്ങിപ്പോയ വ്യക്തിയെയാണ് ഇപ്പോള്‍ ലോക്കല്‍ കമ്മറ്റി സെക്രട്ടറിയായി തെരഞ്ഞെടുത്തിരിക്കുന്നത്. രണ്ട് മുന്‍ കൗണ്‍സിലര്‍മാരും സെക്രട്ടറി സ്ഥാനത്തേക്ക് വന്നെങ്കിലും വിഭാഗീയതയില്‍ പുറത്താക്കപ്പെടുകയായിരുന്നു. പ്രതിനിധിയായി നിശ്ചയിക്കാത്ത വ്യക്തിയെ സെക്രട്ടറിയാക്കി. ഇത് കടകംപളളിയിലെ പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ വിളളല്‍ സൃഷ്ടിച്ചു. വിഭാഗീയത കാരണം ലോക്കല്‍കമ്മറ്റി സെക്രട്ടറിയെ പ്രഖ്യാപിക്കാനുളള പൊതുസമ്മേളനം കടകംപളളിയില്‍ നടത്താനാകാത്ത അവസ്ഥയിലാണ് പാര്‍ട്ടി.
















