വര്‍ക്കല: പുത്തന്‍ചന്ത മാര്‍ക്കറ്റിലെ മാലിന്യങ്ങള്‍ യഥാസമയം നീക്കാത്തതിനാല്‍ വ്യാപാരികളും ജനങ്ങളും നന്നേ ബുദ്ധിമുട്ടുന്നു. വെട്ടൂര്‍ പഞ്ചായത്തിന് കൂടുതല്‍ വരുമാനം ലഭിക്കുന്നത് ഈ ചന്തയുടെ ലേലത്തിലൂടെയാണ്. 4.5 ലക്ഷം രൂപയ്‌ക്കാണ് ഈവര്‍ഷം ലേലം കൊണ്ടത്.
ഇത്രയേറെ തുക വര്‍ഷംതോറും ലഭിച്ചിട്ടും ചന്തയ്‌ക്കകവും പരിസരപ്രദേശങ്ങളും വൃത്തിയാക്കാന്‍ അധികൃതര്‍ നടപടി സ്വീകരിക്കാറില്ല. ഓടയില്‍ മാലിന്യങ്ങള്‍ അടിഞ്ഞ് ദുര്‍ഗന്ധം വമിക്കുന്നു. പല സ്ഥലത്തും മാലിന്യങ്ങളും പുഴുക്കളും നിറഞ്ഞ് കിടക്കുകയാണ്. ഇത്രയേറെ വൃത്തിഹീനമായ അന്തരീക്ഷത്തിലാണ് ചന്തയുടെ ദൈനംദിന വ്യാപാരങ്ങള്‍ നടക്കുന്നത്. മലിനജലം ഒഴുക്കിവിടാന്‍ പോലും സംവിധാനം ഇല്ല. ഇത് മൂലം മാര്‍ക്കറ്റിനുള്ളില്‍ നിന്ന് മലിനജലം റോഡിലേക്ക് ഒലിച്ചിറങ്ങി കാല്‍നടയാത്ര അസാധ്യമായിരിക്കുകയാണ്.
ഖരമാലിന്യങ്ങള്‍ ചാക്കില്‍കെട്ടി ചന്തയുടെ ഒരു ഭാഗത്ത് കൂട്ടിയിട്ടിരിക്കുന്നു. മാലിന്യ നിര്‍മാര്‍ജനത്തിനായി വര്‍ഷങ്ങള്‍ക്ക് മുമ്പ് ഏഴുലക്ഷം രൂപ ചെലവഴിച്ച് ബയോഗ്യാസ് പ്ലാന്റ് നിര്‍മാണം ആരംഭിച്ചെങ്കിലും എങ്ങുമെത്തിയില്ല. മാറിമാറി വരുന്ന പഞ്ചായത്ത് ഭരണസമിതികള്‍ ഒന്നുംതന്നെ മാര്‍ക്കറ്റിന്റെ നവീകരണത്തിന് ഒരുവിധ പ്രവര്‍ത്തനങ്ങളും നടത്താറില്ല. പ്രാഥമിക കൃത്യങ്ങള്‍ നിര്‍വഹിക്കുന്നതിനുള്ള സംവിധാനങ്ങളും ചന്തയിലില്ല. കെട്ടിടങ്ങളുടെ മേല്‍ക്കൂരയില്‍ പാകിയിട്ടുള്ള ഷീറ്റുകള്‍ പല സ്ഥലങ്ങളിലും പൊട്ടിപൊളിഞ്ഞിരിക്കുകയാണ്. തറയിലും യാതൊരുവിധ നവീകരണ പ്രവര്‍ത്തനങ്ങളും നടപ്പാക്കിട്ടില്ല. മണിക്കൂറുകളോളം വ്യാപാരത്തില്‍ ഏര്‍പ്പെടുന്ന കച്ചവടക്കാര്‍ക്ക് സാംക്രമിക രോഗങ്ങള്‍ വരെ പിടിപെടാന്‍ സാധ്യതയുണ്ടെങ്കിലും അധികൃതര്‍ക്ക് കണ്ട മട്ടില്ല.
















