കാട്ടാക്കട: ഗതാഗതക്കുരുക്കില്‍ വീര്‍പ്പുമുട്ടുന്ന കാട്ടാക്കട പട്ടണത്തില്‍ ഫ്‌ളക്‌സും കമാനങ്ങളും നിറഞ്ഞതോടെ കാല്‍നടയാത്രയും ദുസ്സഹം. തിരക്കേറിയ പട്ടണത്തില്‍ അപകടങ്ങള്‍ തുടര്‍ക്കഥയായതോടെ മൂന്നു വര്‍ഷം മുമ്പ് റോഡ് കയ്യേറിയുള്ള കമാന നിര്‍മാണം കളക്ടര്‍ നിരോധിച്ചിരുന്നു. ജില്ലാ ഭരണകൂടത്തിന്റെ ഈ ഉത്തരവ് കാറ്റില്‍ പറത്തിയാണ് കാട്ടാക്കടയില്‍ സിപിഎമ്മും ഇടത് യൂണിയനുകളും കമാനക്കെണിയൊരുക്കിയത്.
കാട്ടാക്കട മാര്‍ക്കറ്റ് ജംഗ്ഷന്‍ മുതല്‍ ട്രക്കര്‍ സ്റ്റാന്റു വരെയുള്ള റോഡിന് കുറുകെ നിരവധി കമാനങ്ങളാണ് സ്ഥാപിച്ചിരിക്കുന്നത്. സിപിഎം ബ്രാഞ്ച്, ലോക്കല്‍ സമ്മേളനങ്ങള്‍, വിവിധ ഇടത് യൂണിയനുകളുടെ വാര്‍ഷികപരിപാടികള്‍ എന്നിവയുടെ പ്രചാരണാര്‍ഥമാണ് റോഡ് കയ്യേറിയുള്ള അലങ്കാരങ്ങള്‍. കുളത്തുമ്മല്‍ സ്‌കൂള്‍ മുതല്‍ കെഎസ്ആര്‍ടിസി ഡിപ്പോ വരെയുള്ള ഭാഗം വഴിയാത്രക്കാര്‍ക്ക് നടന്നു പോകാനാകാത്ത വിധമാണ് ഫളക്‌സ് ബോര്‍ഡുകള്‍ സ്ഥാപിച്ചിരിക്കുന്നത്. കാട്ടാല്‍ ക്ഷേത്രത്തിനു മുന്നില്‍ നാലുറോഡുകള്‍ സന്ധിക്കുന്ന പ്രധാന ജംഗ്ഷനില്‍ ബലിപീഠങ്ങളും തോരണങ്ങളുമുയര്‍ത്തി കാഴ്ചമറച്ച നിലയിലാണ്.
















