ന്യൂദല്‍ഹി: ജിഎസ്ടി നടപ്പാക്കിയതിന്റെ പേരില്‍ കൊള്ളലാഭം സ്വീകരിച്ച സ്ഥാപനങ്ങള്‍ക്കെതിരെ വിവിധ സംസ്ഥാനങ്ങള്‍ സ്വീകരിച്ചത് കര്‍ശന നടപടികള്‍. നികുതി കുറച്ചശേഷവും വില വര്‍ധിപ്പിച്ച് ഉപഭോക്താക്കളെ കബളിപ്പിച്ച സംഭവങ്ങളിലാണ് 25,000 രൂപ വരെ പിഴയീടാക്കി വിവിധ സംസ്ഥാനങ്ങള്‍ നടപടികള്‍ കടുപ്പിച്ചത്. സംസ്ഥാനങ്ങള്‍ക്ക് നടപടി സ്വീകരിക്കാന്‍ അധികാരമില്ലെന്ന് പറഞ്ഞ് ജിഎസ്ടി അട്ടിമറിക്കാന്‍ വ്യാപാരികള്‍ക്കു കൂട്ടു നിന്ന കേരളത്തിന്റെ നടപടി വിവാദമാകുമ്പോഴാണ് ഹരിയാനയും തെലങ്കാനയും അടക്കമുള്ള സംസ്ഥാനങ്ങള്‍ തട്ടിപ്പുകാര്‍ക്കെതിരെ കര്‍ശനമായി നീങ്ങുന്നത്.
ജിഎസ്ടി സംവിധാനത്തിന്റെ ഭാഗമായി എല്ലാ സംസ്ഥാനങ്ങളിലും രൂപീകരിച്ചിട്ടുള്ളകൊള്ളവില വിരുദ്ധ സമിതിയാണ് തട്ടിപ്പുകാര്‍ക്കെതിരെ നടപടികള്‍ കൈക്കൊള്ളുന്നത്. ഹരിയാന സര്‍ക്കാര്‍ രൂപീകരിച്ച സംസ്ഥാന തല സ്ക്രീനിംഗ് കമ്മറ്റിയാണ് ഉപഭോക്താക്കളുടെ പരാതി സ്വീകരിച്ച് സ്ഥാപനങ്ങള്‍ക്കെതിരെ നടപടികള്‍ തുടങ്ങിയത്. 43 പരാതികളില്‍ നടപടി സ്വീകരിച്ചതായി സംസ്ഥാന ധനമന്ത്രി ക്യാപ്റ്റന്‍ അഭിമന്യു അറിയിച്ചിട്ടുണ്ട്. തെലങ്കാനയില്‍ 357 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. നികുതി കുറച്ച ഉത്പ്പന്നങ്ങള്‍ക്ക് മാളുകളും ഹോട്ടലുകളും റെസ്റ്റോറന്റുകളും വില കൂട്ടി വില്‍ക്കുന്നതുമായി ബന്ധപ്പെട്ട പരാതികളിലാണ് നടപടി. 25,000 രൂപ വരെ മിക്ക കേസുകളിലും പിഴയും ചുമത്തിയിട്ടുണ്ട്.
കേരളത്തില്‍ 335 വ്യാപാരികള്‍ക്കെതിരെ വിലക്കുറവ് നടപ്പാക്കാത്തതിന്റെ പേരില്‍ നടപടി വൈകിക്കുകയാണെന്നാണ് പരാതി. കേന്ദ്രത്തെ സമീപിക്കുമെന്ന് മാത്രമാണ് ഇപ്പോഴും കേരളം പറയുന്നത്. സംസ്ഥാനത്തിന് സ്വന്തം നിലയ്ക്ക് കര്‍ശന നടപടികള്‍ സ്വീകരിക്കാമെന്നിരിക്കെയാണ് ഈ മെല്ലെപ്പോക്ക്. ജിഎസ്ടി നടപ്പാക്കിയതുമായി ബന്ധപ്പെട്ട് ഏറ്റവുമധികം തട്ടിപ്പുകള്‍ നടക്കുന്നതും കേരളത്തിലാണ്. സംസ്ഥാന ധനവകുപ്പിന് ജിഎസ്ടിയിലുള്ള താല്‍പ്പര്യക്കുറവാണ് ഇതിന് കാരണം.
യുപി, മധ്യപ്രദേശ്, ഗുജറാത്ത് അടക്കം മിക്ക സംസ്ഥാനങ്ങളും ജിഎസ്ടി അട്ടിമറിക്കാനായി വ്യാപാരികള്‍ നടത്തിയ ശ്രമങ്ങള്‍ക്കെതിരെ കര്‍ശന നിലപാടാണ് സ്വീകരിക്കുന്നത്. യുപിയില്‍ പുതിയ 2.54 ലക്ഷം കച്ചവടക്കാര്‍ ജിഎസ്ടി രജിസ്ട്രേഷന് എടുത്തപ്പോള്‍ ഗുജറാത്തില്‍ 1.16 പേരാണ് പുതിയ രജിസ്ട്രേഷന് എടുത്തത്. 1.01 പുതിയ ജിഎസ്ടി രജിസ്ട്രേഷന് ഹരിയാനയിലുമുണ്ടായി. രാജ്യമെങ്ങും 58.53 ലക്ഷം രജിസ്ട്രേഷനുകളാണ് നടന്നത്. പത്തുലക്ഷത്തോളം പേര് ജിഎസ്ടിയില്‍ അംഗങ്ങളായ മഹാരാഷ്ട്രയാണ് മുന്നില്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: