കൊല്ലം ജില്ലയില്‍ തൃക്കോവില്‍വട്ടം പഞ്ചായത്തില്‍ കൊട്ടിയം കണ്ണനല്ലൂരിലാണ് സര്‍വ്വാഭീഷ്ടവരദായകനും ക്ഷിപ്രപ്രസാദിയുമായ തഴുത്തല ശ്രീ മഹാഗണപതി ക്ഷേത്രം സ്ഥിതിചെയ്യുന്നത്. പഴയ തലമുറയില്‍പ്പെട്ട ഒരാള്‍ക്ക് നിയോഗം പോലെ ഒരു ഗണപതി വിഗ്രഹം ലഭിക്കുകയും അദ്ദേഹം അത് താഴ്‌ത്തല ഗുരുമന്ദിരത്തിനു സമീപമുള്ള അരയാല്‍ ചുവട്ടില്‍ വച്ചു.
മൂര്‍ത്തിത്രയം കുടികൊള്ളുന്ന അരയാലില്‍ നിന്നും ചൈതന്യം ഉള്‍ക്കൊണ്ട വിഗ്രഹം ശക്തിപ്രാപിച്ചു. ഇത് തിരിച്ചറിയാന്‍ വൈകിയ ജനങ്ങള്‍ അടിയ്‌ക്കടി നാടിനുണ്ടാകുന്ന ദോഷങ്ങളെക്കുറിച്ചറിയാല്‍ പ്രശ്നം വച്ചുനോക്കി. അരയാല്‍ ചുവട്ടിലെ വിഗ്രഹത്തിന്റെ ചൈതന്യം മനസ്സിലാക്കിയപ്പോള്‍ അവിടെയൊരു ക്ഷേത്രം നിര്‍മ്മിച്ചു.
വിഘ്ന വിനായകനായ ഗണപതി ഭഗവാനെ അവിടെ പ്രതിഷ്ഠിക്കുകയും അതിനുശേഷം ആ ദേശത്തിനും ദേശവാസികള്‍ക്കും ഐശ്വര്യവും സമാധാനവും പൂര്‍വാധികം വര്‍ധിക്കുകയും ചെയ്തു എന്നാണ് പറയപ്പെടുന്നത്.
മകരമാസത്തിലെ അവിട്ടം നാളിലാണ് ഈ ക്ഷേത്രത്തിലെ ഉത്സവം. പത്തു ദിവസത്തെ ഉത്സവം ജാതിമത ഭേദമന്യേ ആഘോഷിക്കുന്നു. പത്താം നാള്‍ രാവിലെയുള്ള ആനനീരാട്ടും ആനയൂട്ടും ചമയപ്രദര്‍ശനങ്ങളും വൈകുന്നേരം നടക്കുന്ന ഗജോത്സവത്തിലും തുടര്‍ന്നുള്ള കെട്ടുകാഴ്ചയും എഴുന്നള്ളത്തും കാണുന്നതിനായി വിദേശികളടക്കം ആയിരക്കണക്കിനാണുകള്‍ പങ്കെടുക്കുന്നു.
ഉത്സവ കൊടിയേറ്റത്തിനുള്ള അടയ്‌ക്കാമരവും (കവുങ്ങ്) വഹിച്ചുകൊണ്ടുള്ള കൊടിമരഘോഷയാത്രയില്‍ ആവേശപൂര്‍വമായിട്ടാണ് ഭക്തജനങ്ങള്‍ പങ്കെടുക്കുന്നത് . ഓരോ വര്‍ഷവും ഓരോദിക്കില്‍ നിന്നും ഇത് ആരംഭിക്കുന്നു.
ചിങ്ങമാസത്തിലെ വിനായക ചതുര്‍ത്ഥി , കന്നിയിലെ ദുര്‍ഗ്ഗാഷ്ടമി, വിദ്യാരംഭം, തുലാമാസ ആയില്യ പൂജ , നാല്‍പത്തിയൊന്നു ദിവസത്തെ മണ്ഡലച്ചിറപ്പ് തൃക്കാര്‍ത്തിക , ധനുമാസത്തിലെ നാല്‍പത്തിയൊന്ന് വിളക്ക് ഇവ ഈ ക്ഷേത്രത്തിലെ വിശേഷ ദിവസങ്ങളാണ് . ക്ഷേത്ര മതില്‍ക്കെട്ടിനകത്തെ അരയാല്‍മരവും അതില്‍ പ്രതിഷ്ഠിച്ചിരിക്കുന്ന നാഗദൈവങ്ങളും, ഭദ്രകാളിയുമാണ് ഉപദേവതകള്‍.
രാവിലെ അഞ്ചുമണിക്ക് തുറക്കുന്ന ക്ഷേത്രം മധ്യാഹ്ന പൂജയോടെ 10.30 നു അടയ്‌ക്കുകയും വൈകിട്ട് 5.30 നു തുറന്ന് 7.45 നുള്ള അത്താഴപൂജയോടുകൂടി 8 മണിക്ക് അടയ്‌ക്കുന്നു. ലഡ്ഡു , ഉണ്ണിയപ്പം, മോദകം, പായസം എന്നിവയാണ് പ്രധാന വഴിപാടുകള്‍
സര്‍വ്വവിഘ്ന നിവാരണപൂജ
എല്ലാ മലയാളമാസവും ആദ്യത്തെ ഞായറാഴ്‌ച്ച രാവിലെ 9 മണിമുതല്‍ നടത്തുന്ന സര്‍വ്വവിഘ്ന നിവാരണപൂജ ഇവിടുത്തെ പ്രത്യേകതയാണ്. തഴുത്തല ശ്രീമഹാഗണപതിയെ ആരാധിച്ചാല്‍ സിദ്ധിയും ബുദ്ധിയും കൂടുതല്‍ പ്രകാശിതമാകുമെന്നാണ് വിശ്വാസം.
ഗണേശ പുരാണത്തിന്റെ വെളിച്ചത്തില്‍ നടത്തുന്ന ഈ പൂജയില്‍ പങ്കെടുത്താല്‍ ഏതു കാര്യങ്ങള്‍ക്കും തടസ്സം നേരിട്ട് മനഃശാന്തി നഷ്ടപ്പെടുന്നവര്‍ക്ക് മന്ത്രോപാസനയില്‍കൂടി ശ്രേയസ്സും ശാന്തിയും നേടാന്‍ കഴിയുമെന്നും ഉദ്ദിഷ്ട ഫലപ്രാപ്തിയുണ്ടാകുമെന്നും വിശ്വസിക്കുന്നു.
ആരാധനാലയങ്ങളും ആചാരാനുഷ്ഠാനങ്ങളും നാടിനും നാട്ടാരുടെ മനസ്സുകള്‍ക്കും ആത്മീയ സുഗന്ധം നിറയ്‌ക്കുന്നുവെന്നതിന്റെ ഉത്തമോദാഹരണമാണ് തഴുത്തല ശ്രീ മഹാഗണപതി ക്ഷേത്രം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: