ചെന്നൈ സത്യഭാമ യൂണിവേഴ്സിറ്റിയില്‍ നിന്നും ബയോടെക്നോളജിയില്‍ എം.ടെക്ക് കരസ്ഥമാക്കിയപ്പോഴും ബിന്ധ്യയുടെ മനസ്സില്‍ സ്വയം തൊഴില്‍ എന്നൊരു ആശയം ഉദിച്ചിരുന്നില്ല. പഠനത്തിന് ശേഷം ബെംഗളുരുവില്‍ ഭര്‍ത്താവുമൊത്ത് കഴിയുന്നതിനിടെയാണ് നാട്ടിലെത്തുന്നത്. ഇരിങ്ങാലക്കുട കോണത്തുകുന്ന് മങ്ങാട്ടുകുന്നത്ത് വീട്ടിലെ സ്വന്തം മുറ്റത്തിരിക്കുമ്പോള്‍ ചില ചിന്തകള്‍ മനസ്സിലേക്ക് കടന്നു. വനിതകള്‍ക്കും പ്രാപ്തമാകുന്ന ഒരു സ്വയം തൊഴില്‍.
ചുറ്റും കണ്ണോടിച്ചപ്പോള്‍ അധികമായി കണ്ടത് വാഴകളും. അങ്ങനെ വാഴകളുടെ നാട്ടില്‍ വനിതാ സ്റ്റാര്‍ട്ടപ്പില്‍ നാടന്‍ ടിഷ്യൂകള്‍ച്ചര്‍ വാഴകള്‍ തുടങ്ങാനുള്ള ആശയം പിറവിയെടുത്തു. മാര്‍ക്കറ്റ് സാധ്യതകളും തീരുമാനത്തെ സ്വാധീനിച്ചു. സഹായത്തിനായി നാലു വനിതകളെയും ഒപ്പം കൂട്ടി. 2015ല്‍ സംരംഭത്തിന് തുടക്കമിട്ടു. തൃശൂരിന്റെ സ്വന്തം ചെങ്ങാലിക്കോടന് നേന്ത്രന്, നാടന്‍ ഇനങ്ങളായ മഞ്ചേരി നേന്ത്രന്, ക്വിന്റല്‍ നേന്ത്രന്, പൂജാ കദളി എന്നിവയുടെ ടിഷ്യൂകള്‍ച്ചര്‍ തൈകളാണ് തയാറാക്കുന്നത്. സാധാരണ ടിഷ്യൂകള്‍ച്ചര്‍ രീതിയില്‍ നിന്നും വ്യത്യസ്തമായ രീതിയാണ് ഇതില്‍ സ്വീകരിക്കുന്നതെന്നതാണ് പ്രത്യേകത. ഇതില്‍ ചെങ്ങാലിക്കോടന്റെ ടിഷ്യൂകള്‍ച്ചര്‍ തൈകള്‍ തയ്യാറാക്കാന്‍ പലരും ശ്രമിച്ചെങ്കിലും പരാജയപ്പെട്ടിടത്താണ് ഈ വനിതകള്‍ വിജയിച്ചിരിക്കുന്നത്.
തൈകള്‍ 20 രൂപ മുതല്‍
ലാബില്‍ നിന്നും വികസിപ്പിക്കുന്ന തൈകള്‍ പുറത്തുള്ള പോളിഹൗസുകളിലെത്തിച്ചാണ് വളര്‍ത്തുന്നത്. ഇതിനുള്ള സംവിധാനവും വീടിന് സമീപം തന്നെ സ്ഥാപിച്ചിട്ടുണ്ട്. ഇനങ്ങള്‍ക്കനുസരിച്ച് 20 മുതല്‍ 30 രൂപ വരെയാണ് ഒരു തൈയുടെ വില. പ്ലാന്റ് മില്‍ എന്നു പേരിട്ടിരിക്കുന്ന ഈ ലാബിന് നിലവില്‍ സംസ്ഥാന കൃഷിവകുപ്പിന്റെ അംഗീകാരമുണ്ടെന്നാണ് ബിന്ധ്യ ബാലകൃഷ്ണന് എന്ന മുപ്പതുവയസ്സുകാരി പറയുന്നത്.
ബനാന ബ്രാക്ടിനെ സൂക്ഷിക്കണം
സാധാരണ വാഴകളില്‍ പടരുന്ന ബനാന ബ്രാക്ട് എന്ന പേരിലുള്ള വൈറസ് രോഗമാണ് വാഴയെ നശിപ്പിക്കുന്നതില്‍ പ്രധാനി. വിളവിനെയും വളര്‍ച്ചയേയും ബാധിക്കുന്ന വൈറസാണിത്. ടിഷ്യുവിന്റെ എക്സ്പ്ലാന്റ് ശേഖരിക്കുന്ന വേളയില്‍ വാഴകളുടെ പിണ്ടിയിലാണ് ഈ രോഗം കണ്ടത്. പിണ്ടിയുടെ അടിഭാഗത്ത് ചുവന്ന വരകള്‍ കാണപ്പെടും. രോഗം ബാധിച്ച വാഴയില്‍നിന്നും എടുക്കുന്ന കന്നുകള്‍ക്കൊല്ലാം തന്നെ രോഗം വരുമെന്നുളളത് സംശയാതീതമായി തെളിയിക്കപ്പെട്ടതാണ്. അതിനാല്‍ രോഗം ഇല്ലായെന്ന് ഉറപ്പുളള വാഴയില്‍ നിന്നു വേണം കന്നുകളെടുക്കേണ്ടത്.
വാഴ നട്ട് രണ്ട് മൂന്നുമാസങ്ങള്‍ക്കകം തന്നെ രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടും. കൃത്യമായി അവ പിഴുതു മാറ്റി രോഗത്തെ നിയന്ത്രിക്കാം. ഇതിനുള്ള പരിഹാരം ശാസ്ത്രീയമായി കണ്ടെത്തിയില്ലെങ്കില്‍ വാഴക്കൃഷി ഭാവിയില്‍ വന്‍പ്രതിസന്ധി നേരിടേണ്ടിവരുമെന്ന് ഈ യുവസംരംഭക പറയുന്നു.
മാസ ഉത്പാദനം 3500
ഇന്ന് മാസം 3500 തൈകള്‍ക്കു വരെ ഓര്‍ഡര്‍ ലഭിക്കുന്നു. 6000 തൈകള്‍ വരെ ഉത്പാദിപ്പിക്കാന്‍ സൗകര്യം ലാബിലുണ്ട്. തൃശൂര്‍ ജില്ല വിട്ട് കേരളം മുഴുവന്‍ തൈകള്‍ നല്കാന് ഇകഴിയുമെന്ന വിശ്വാസത്തിലാണ് ബിന്ധ്യ. സോഫ്റ്റ്വെയര് എന്‍ജിനീയറായ ഭര്‍ത്താവ് വിജേഷ് സംരംഭത്തിന് തുടക്കം മുതല്‍ പിന്തുണ നല്‍കിയിരുന്നു.
വനിതകള്‍ക്കും സ്വയം തൊഴില്‍ ചെയ്യാന്‍ കഴിയുമെന്ന പക്ഷക്കാരിയാണ് ബിന്ധ്യ. സംരംഭകവികസന മിഷന് മുഖേന ഇതിനുള്ള സഹായങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.
ഫോണ്‍: 9656045358
പ്രതികരിക്കാൻ ഇവിടെ എഴുതുക: