പോരൂര്‍ ഉണ്ണികൃഷ്ണന്, ചെണ്ടയെന്ന വാദ്യോപകരണത്തില്‍ വിസ്മയം തീര്‍ക്കുന്ന അതുല്യപ്രതിഭ. മേളപ്പെരുക്കത്തോടെയുള്ള ആ യാത്ര നാല് പതിറ്റാണ്ട് പിന്നിട്ടു. പത്താം വയസ്സില്‍ പോരൂര്‍ മഹാദേവ സന്നിധിയില്‍ അരങ്ങേറ്റം കുറിച്ച ഉണ്ണികൃഷ്ണന് ചെണ്ടയോടൊപ്പം പിന്നിട്ട ദൂരം ചെറുതല്ല. ആ താളമേള വിസ്മയം പലതവണ കടല്‍ കടന്നു. വിദേശരാജ്യങ്ങളില്‍ ഉണ്ണികൃഷ്ണന്റെ ചെണ്ടയില്‍ നിന്ന് ഭാരതീയ സംസ്കാരത്തിലലിഞ്ഞ മേളം ഉയരുമ്പോള്‍ സദസ്സ് മനസ്സുകൊണ്ട് നാട്ടിലേ പൂരപ്പറമ്പുകളിലേക്ക് യാത്ര ചെയ്തിട്ടുണ്ടാകും.
തായമ്പക എന്ന വാക്ക് പിറന്നത് താളത്തില്‍ വക കൊട്ടുക എന്ന അര്‍ഥത്തിലാണത്രെ. താളവും വകയും ചേര്‍ന്ന് തായമ്പക പിറന്നു. പതികാലത്തിലെ പ്രയോഗങ്ങള്‍, കൈശുദ്ധി, നേരുകോല്‍ക്കനം, മനോധര്‍മ്മം ഇതെല്ലാം ഉണ്ണികൃഷ്ണന്റെ മുഖമുദ്രയാണ്. അതിനാലാണ് വാദ്യോപകര സംഗീതലോകത്ത് അദ്ദേഹത്തിന് വിശിഷ്ടമായ ഇടം കിട്ടിയതും.
അച്ഛന് പോരൂര്‍ കുട്ടന്മാരാരാണ് ആദ്യ ഗുരു. ശങ്കരനാരായണന്, ഹരിദാസ്, ശ്രീനിവാസന് എന്നീ സഹോദരങ്ങള്‍ക്കൊപ്പം ചെണ്ടയുടെ ബാലപാഠങ്ങള്‍ പഠിച്ചു. തിരുവേഗപ്പുറ ശങ്കുണ്ണി പൊതുവാള് ചെണ്ടമേളത്തിന്റെ കൂടുതല്‍ കാര്യങ്ങള്‍ പകര്‍ന്നു നല്കി.
തായമ്പകയിലാണ് ഉണ്ണികൃഷ്ണന് കൂടുതല്‍ ശ്രദ്ധേയനാകുന്നത്. ചെണ്ടക്കാരന്റെ സര്‍ഗാത്മകതയുടെ അതിരില്ലാത്ത ആഘോഷമായി തായമ്പക മാറും, അതുകൊണ്ട് തന്നെയാണ് തായമ്പകയെ ഇത്രമാത്രം സ്നേഹിക്കുന്നതെന്ന് ഇദ്ദേഹം പറയുന്നു. മേളം ചേരാത്ത പൗരുഷകലയായി ഇതിനെ ചിലര്‍ വിശേഷിപ്പിക്കാറുണ്ടെങ്കിലും ശബ്ദവിന്യാസങ്ങളുടെ അനന്തസാധ്യതകള്‍ ഉപയോഗപ്പെടുത്താന്‍ തായമ്പകയില്‍ മാത്രമേ കഴിയൂ.
തായമ്പകയുടെ ഘടനയെ ശബ്ദപര്‍വതസമാനമാക്കുന്ന കല്ലൂര്‍ രാമന്‍കുട്ടി മാരാര്‍.
അദ്ദേഹത്തിനൊപ്പം ഡബിള്‍ തായമ്പക അവതരിപ്പിച്ചിരുന്ന കാലത്തെക്കുറിച്ച് പറയുമ്പോള്‍ പോരൂരിന്റെ കണ്ണില്‍ അഭിമാനത്തിളക്കം. ഉള്‍ക്കരുത്തിനെ തീവ്രവും വന്യവുമാക്കാന്‍ പോന്ന സാധകത്തികവുള്ള മഹാരഥന്മാര്ക്കൊപ്പം വേദി പങ്കിട്ട പരിചയമാണ് ഉണ്ണികൃഷ്ണന്റെ സമ്പാദ്യം.
കൊടുമുടിയോളം ഉയരത്തിലേക്ക് തായമ്പകയുടെ നാദസാധ്യതകളെ കലാപരമായി ഉയര്‍ത്തിയ കല്ലൂരിനൊപ്പം നിന്ന് കൊട്ടിക്കയറിയപ്പോള്‍ പോരൂര്‍ ഉണ്ണികൃഷ്ണന് ആസ്വാദകമനസ്സിന്റെ വിശാലത കൂടുതല്‍ അനുഭവിച്ചറിഞ്ഞു. തായമ്പകയുടെ ശാസ്ത്രീയ സമ്പന്നത സംരക്ഷിക്കുന്ന കൊട്ടുമാര്‍ഗ്ഗമാണ് ഉണ്ണികൃഷ്ണന്റേതെന്ന് കലാലോകം വാഴ്ത്തി. അത് തന്നെയായിരുന്നു ശരി.
പോരൂരിന്റെ തായമ്പക ആന്തര ഗൗരവസമ്പന്നമാണ്, ആസ്വാദകരെ വിസ്മയിപ്പിക്കുന്ന അത്ഭുതമാണ്, പോരൂര്‍ മഹാദേവന്റെ അനുഗ്രഹത്തിന്റെ സൗന്ദര്യമാണ്. ശബ്ദത്തിന്റെ ദുസ്സഹമായ മേഖലകളിലേക്ക് സഞ്ചരിക്കാതെയാണ് ഉണ്ണികൃഷ്ണനിലെ അമരകല മുന്നേറുന്നത്. തായമ്പകയില്‍ ശാലീനതയും രൗദ്രവും ഒരുപോലെ സന്നിവേശിച്ചിരിക്കുന്നു. തായമ്പകയെ കുറിച്ച് സംസാരിക്കാന്‍ തുടങ്ങിയാല്‍ ഉണ്ണികൃഷ്ണന് പ്രത്യേകമൊരു ഊര്‍ജ്ജമാണ്. എന്താണ് തായമ്പകയുടെ പ്രത്യേകതയെന്ന ചോദ്യത്തിന് ആവേശത്തോടെ അദ്ദേഹം ഉത്തരം നല്കി.
കേരളത്തിന്റെ തനതായ ഒരു കലാരൂപമാണ് തായമ്പക. മറ്റു ചെണ്ടമേളങ്ങളില്‍ നിന്ന് വ്യത്യസ്തമായി, ഒരു വ്യക്തിഗത കലാരൂപമാണ് തായമ്പക. പ്രധാന ചെണ്ടവാദ്യക്കാരനു പുറമേ താളം പിടിക്കുന്നതിനായി ചെണ്ട, വീക്കുചെണ്ട, ഇലത്താളം എന്നിവയുമുണ്ടാകും. തായമ്പകയില്‍ പ്രധാന ചെണ്ടവാദ്യക്കാര്‍ ഒരു കൈയില്‍ മാത്രം ചെണ്ടക്കോല് ഏന്തുന്നു. ഒരു കൈയിലെ ചെണ്ടക്കോല് കൊണ്ടും മറ്റേ കൈ കൊണ്ടും ചെണ്ടയില്‍ അടിക്കുന്നു. ഇത് തായമ്പകയിലും ചില രീതിയിലുള്ള പഞ്ചാരിമേളങ്ങളിലും മാത്രമേ കാണുകയുള്ളൂ. മറ്റു ചെണ്ടമേളങ്ങളില്‍ രണ്ടു കൈയിലും ചെണ്ടക്കോല് ഏന്തിയാണ് ചെണ്ട കൊട്ടുന്നത്. തായമ്പകയില്‍ സാധാരണയായി ഒരു പ്രധാന ചെണ്ടവാദ്യക്കാരന് കാണും. അദ്ദേഹത്തിനു ചുറ്റുമായി മൂന്നോ നാലോ ചെണ്ടക്കാര് അണിനിരക്കുന്നു. ഇടം തല, വലം തല ചെണ്ടകളില്‍ താളാംഗങ്ങള്‍ വായിക്കുന്ന തായമ്പകയ്ക്ക് മൂന്നോ നാലോ ഇലത്താളം വായനക്കാരും അകമ്പടി വായിക്കുന്നു.
ഈ വാദ്യോത്സവം സാധാരണയായി 90 മുതല്‍ 120 മിനിറ്റ് വരെ നീണ്ടു നില്ക്കും. തായമ്പകയില്‍ പ്രധാനമായും ആറു ഘട്ടങ്ങളാണുള്ളത്. മുഖം, ചെമ്പടവട്ടം, കൂറ്, ഇടവട്ടം, ഇടനില, ഇരികിട എന്നിങ്ങനെയാണ് അവ. ഇതിനെ മൂന്നാക്കി ചുരുക്കിപ്പറയുകയും ചെയ്യും. ഇതില്‍ മുഖവും ചെമ്പടവട്ടവും ചേര്‍ന്ന ദൈര്‍ഘ്യമേറിയ ഭാഗം പതികാലമെന്ന് അറിയപ്പെടുന്നു. രണ്ടാമത്തെ ഘട്ടമായ കൂറില്‍ ചമ്പക്കൂറ്, അടന്തക്കൂറ്, പഞ്ചാരിക്കൂറ് തുടങ്ങിയവയില്‍ ഏതെങ്കിലും ഒന്ന് വാദകന്റെ ഇഷ്ടത്തിനനുസരിച്ച് വായിക്കുന്നു. മൂന്നാമത്തേയും അവസാനത്തേതുമായ ഘട്ടം ദ്രുതകാലം എന്നറിയപ്പെടുന്നു.
അമേരിക്ക, ബ്രസീല്‍, സിങ്കപ്പൂര്‍, സ്വിറ്റ്സര്‍ലന്റ്, ഫ്രാന്‍സ്, ഇംഗ്ലണ്ട്, ഷാര്‍ജ, കുവൈറ്റ്, അബുദാബി തുടങ്ങിയ രാജ്യങ്ങളിലും പോരൂരിന്റെ മേളം വിസ്മയം തീര്‍ത്തിട്ടുണ്ട്. രാജ്യത്തിനകത്തും നിരവധി വേദികള്‍, പൂരങ്ങള്‍, ഉത്സവങ്ങള്‍. ഇതേ ഊര്‍ജ്ജത്തോടെ കുറേക്കാലം ഇനിയും കൊട്ടാന്‍ കഴിയണമെന്നാണ് പോരൂരിന്റെ ആഗ്രഹവും പ്രാര്‍ത്ഥനയും.
തിരക്കുകള്‍ക്കിടയില്‍ ശിഷ്യന്മാരെ സൃഷ്ടിക്കാന്‍ കഴിയാത്തതിന്റെ ദുഖം ഉണ്ണികൃഷ്ണന്റെ വാക്കുകളിലുണ്ട്.
പക്ഷേ മകനും മകളും തായമ്പക അഭ്യസിച്ചിട്ടുണ്ട്. സംസ്ഥാന സ്കൂള്‍ കലാമേളയില്‍ ആള്‍കുട്ടികള്‍ക്കൊപ്പം കൊട്ടിയ മകള്‍ ശ്രീലക്ഷ്മി നാലാംസ്ഥാനത്തെത്തി. അത് ഒന്നാംസ്ഥാനത്തിന് തുല്യമാണെന്നാണ് ഉണ്ണികൃഷ്ണന്റെ അഭിപ്രായം. പ്ലസ്ടു വിദ്യാര്‍ത്ഥിയായ മകന് ശ്രീജിത്തിന് പഠനത്തിരക്കുകള്‍ക്കിടയില്‍ സാധകം കൃത്യമായി നടക്കുന്നില്ലെന്നൊരു വിഷമം മാത്രം. അമ്മ രാധയും ഭാര്യ പ്രമീളയും ഉണ്ണികൃഷ്ണന് പൂര്‍ണ്ണ പിന്തുണയുമായുണ്ട്. ചെണ്ടമേളം ജീവിതചര്യയാക്കിയ പോരൂരിനെ തേടി നിരവധി പുരസ്കാരങ്ങളെത്തിയിട്ടുണ്ട്. കേളി പുരസ്കാരം, ഞാങ്ങാട്ടിരി ഭഗവതി പുരസ്കാരം, പല്ലാവൂര്‍ പ്രതിഭ പുരസ്കാരം എന്നിവ അതില്‍ ചിലത് മാത്രം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: