മോഹങ്ങളൊരുപാടുള്ളില് നിറച്ചു ഞാന്‍
മോഹം നിറഞ്ഞൊരാ കാലത്തെ കാണുവാന്‍
പോയ ബാല്യത്തിന്റെ നല്ല കാലത്തിനെ
തേടിയെന്‍ ഭൂതത്തെയൊന്നു നോക്കീടുന്നു
മുറ്റത്തെ മുല്ലയും തുമ്പിയും തുമ്പയും
ഉള്ളില്‍ വസന്തമായൊരു തേന്‍ പകര്‍ന്നനാള്‍,
മുറ്റത്തു പിച്ചവെച്ചൊരാ പാദങ്ങള്‍
മുടന്തുന്നു വാഴ്വാകുമീ വഴിത്താരയില്‍.
തെല്ലു നടന്നുപഠിച്ചൊരാ കാലത്ത്
പാദം പതറാതെ കാത്തൊരാകൈകളും
തെല്ലും പതറാതെ കാലുറച്ചപ്പോഴോ
താങ്ങിയ കൈകളെ തട്ടിമാറ്റി ഞാനും
മാനം കറുത്തു, മഴപെയ്തൊഴിഞ്ഞപ്പോള്
മാനത്തു പകലോന്‍ ചിരിച്ചുനിന്നു.
മാറത്തു താരുണ്യമൊട്ടുകള് പുത്തപ്പോള്‍
മനമാകെ പ്രണയത്തിനാരാമമായ്.
കാലം നടന്നുനടന്നുപോയീടുമ്പോള്
കാലത്തിനൊപ്പമൊന്നോടിയെത്തീടുവാന്
കാലംകഴിഞ്ഞൊരാ കൈകളെത്തള്ളിയും
കാമുകനൊപ്പം പടിയിറങ്ങീടുന്നൂ.
ആയിരം പൂക്കള്‍ വിരിഞ്ഞുനിന്നീടുന്ന
ആരാമസുരലോകമെന്നുള്ളപോലേ!
ആനന്ദമാനന്ദമാനന്ദമാകുന്ന
അവതിപ്പെടാത്തൊരാ ജീവിതാദ്യങ്ങളും
നാകീയകാലങ്ങളോടിമറയുന്നൂ,
നരകീയമായിടുന്നെന് ജീവിതം
നക്ഷത്രകിന്നരര് കണ്ണടച്ചീടുന്നു
നാഗന്മാരെന്നുടല് തീണ്ടിടുമ്പോള്
കഷ്ടം മഹാകഷ്ടം വിറ്റിടാനായെന്നെ
കറുപ്പു പുതപ്പിച്ചിറക്കുകയായവന്
കരിനാഗക്കൂട്ടമിഴഞ്ഞെത്തുംനേരത്ത്
കതിരോന്റെ നേരൊളി മറയുകയായ്
ചതി തീര്‍ത്ത വേദന തീരുമെന്നാകില്
ചെയ്തപാപങ്ങളെച്ചൊല്ലിക്കരയാം ഞാന്‍
ഹൃത്തിലെനിക്കന്നു നാകം പണിതോരിന്
ചിത്തമോദങ്ങളെത്തല്ലിക്കെടുത്തി ഞാന്‍ !
ഇന്നിതാ ദേഹമിടയിട്ടുവിറ്റിടും
ഇടത്തട്ടുക്കാരനായവന്റെ ഭാവം.
ഇരുളിന്പതികള്ക്കൊപ്പമിരുന്നവ
നിടയിട്ടു വില്ക്കയാണെന്റെ ദേഹം
വിധിയല്ലയിന്നിതെന് കര്മ്മഫലമല്ലോ
വിധിയെപ്പഴിക്കയാലെന്തുകാര്യം
മരണാന്തംവരെ യോഗമിതെന്നാണോ?
മരണം പോലും മുഖംതിരിച്ചാല്‍
മതിമതി മതിയിലീ ദുഃഖസ്മരണയേ
മതിവരുവോളം ഞാനുണ്ടതല്ലേ!
മരണത്തിന് ദേവനെയുള്ളില് കരുതിടാം,
മരണവരം നേടാന്‍ തപമിരിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: