ബാലരൂപത്തില്‍ ശ്രീകൃഷ്ണ പ്രതിഷ്ഠയുള്ള അപൂര്‍വം ക്ഷേത്രങ്ങളില്‍ ഒന്നാണ് ഉളനാട് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം. പത്തനംതിട്ട ജില്ലയില്‍ പന്തളത്തിനടുത്ത് കുളനടയിലെ ഉളനാട് എന്ന ഗ്രാമത്തിലാണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്.
വര്‍ഷങ്ങള്‍ക്ക് മുന്‍പ് ദേശവാസികളായ ആചാര്യന്മാരും സാമുദായിക നേതാക്കളും ചേര്‍ന്ന് തങ്ങള്‍ക്ക് ആരാധിക്കുവാന്‍ ഒരു ക്ഷേത്രം വേണമെന്ന് തീരുമാനിക്കുകയും അതിന്റെ അടിസ്ഥാനത്തില്‍ സ്ഥപതിയെ വിളിച്ച് വിശാലമായ പോളച്ചിറ ജലാശയത്തിന്റെ കരയില്‍ ഉചിതമായ സ്ഥലത്ത് സ്ഥാനനിര്‍ണ്ണയം നടത്തി ഇന്ന് കാണുന്ന ക്ഷേത്രം നിര്‍മ്മിച്ചു. ഭഗവാന് ശ്രീകൃഷ്ണന്റെ വിഗ്രഹം നിര്‍മ്മിക്കുവാന്‍ ചെങ്ങന്നൂരില്‍ ഉള്ള പരമ്പരാഗത ശില്പികളെ ആണ് ഏല്പിച്ചത്.
1195 മീനമാസത്തിലെ രോഹിണി നാളില്‍ പ്രതിഷ്ഠ നടത്തി. പ്രതിഷ്ഠാ സമയത്ത് രാവിലെ തെളിഞ്ഞ കാലാവസ്ഥയില്‍ ഇടിയോട് കൂടിയ മഴ ഉണ്ടായതും ശ്രീകൃഷ്ണപരുന്ത് ശ്രീ കോവിലിനു മുകളില്‍ വട്ടമിട്ടുപറന്നതും ഭഗവാന്റെ സാന്നിധ്യം വിളിച്ചോതുന്ന സംഭവങ്ങളാണ്
പ്രതിഷ്ഠാനന്തരം വര്‍ഷങ്ങള്‍ക്ക് ശേഷം പുനര്‍നിര്‍മ്മാണത്തിനായി താഴികക്കുടം ഇളക്കിയപ്പോള്‍ പ്രതിഷ്ഠാ സമയത്ത് ഉള്ളില്‍ സ്ഥാപിച്ച വെറ്റ വാടാതിരുന്ന സംഭവം ഭക്തരില്‍ ഇന്നും അത്ഭുതം ഉളവാക്കുന്നു.
ഉദിഷ്ട കാര്യസിദ്ധിക്കായി മഹാസുദര്‍ശന ലക്ഷ്യ പ്രാപ്തി പൂജയില്‍ നിരവധി ഭക്തര്‍ പങ്കെടുക്കുന്നു. നഷ്ടപ്പെട്ട സാധനങ്ങള്‍ തിരിച്ചുകിട്ടാനായി പാല്‍പ്പായസം വഴിപാട് നേര്‍ന്നാല്‍ കളഞ്ഞുപോയ സാധനം തിരികെ കിട്ടുമെന്നാണ് അനുഭവം. ഉപദേവതകളായ രക്ഷസ്സിനു പാല്‍പ്പായസം പ്രധാന വഴിപാടും, ദുര്‍ഗ്ഗയ്ക്ക് കുംഭത്തിലെ കാര്‍ത്തിക ഉത്സവവും പൊങ്കാലയും ,ഭഗവതിസേവയും, വിദ്യാരംഭവും നാഗരാജാവ്-നാഗയക്ഷിക്ക് തുലാമാസത്തിലെ ആയില്യത്തിന് നൂറും പാലും ഗണപതി ഭഗവാന് ചിങ്ങത്തിലെ വിനായക ചതുര്‍ഥിക്ക് അപ്പം മൂടലാണ് പ്രധാനം. വിശേഷാവസരങ്ങളില്‍ മഴ പെയ്യാതിരിക്കാനായി ഗണപതിയ്ക്ക് തേങ്ങാ ഉടച്ചു പ്രാര്‍ത്ഥിച്ചാല്‍ ചടങ്ങുകള്‍ കഴിയുന്നതുവരെ മഴ മാറി നില്‍ക്കുമെന്നാണ് വിശ്വാസം.
ചിങ്ങത്തിലെ തിരുവോണം, വിനായക ചതുര്‍ത്ഥി, അഷ്ടമിരോഹിണി, കന്നിയിലെ പൂജവയപ്പ്, വിദ്യാരംഭം തുലാമാസത്തിലെ ആയില്യംപൂജയും വൃശ്ചികം ഒന്നുമുതല്‍ പന്തണ്ട് വരെ കളഭവും അവതാര ചാര്‍ത്തും വൃശ്ചിക ചിറപ്പും പന്തണ്ട് വിളക്കും മകരവിളക്ക് മഹോത്സവവും പറ എഴുന്നെള്ളിപ്പ് ഉത്സവവും കുംഭത്തിലെ കാര്‍ത്തിക പൊങ്കലും വിശേഷ ദിവസങ്ങളാണ്. മീനത്തിലെ രോഹിണിനാളിലെ പ്രതിഷ്ഠാ മഹോത്സവവും മേടത്തിലെ വിഷുക്കണി, സപ്താഹം, കര്‍ക്കടകത്തിലെ രാമായണ മാസാചരണവും തുടങ്ങി വര്‍ഷത്തിലെ ഒന്‍പതു മാസങ്ങളിലും വിശേഷങ്ങളാണ്
മഹാസുദര്‍ശന ലക്ഷ്യപ്രാപ്തി പൂജ
എല്ലാ രോഹിണി നാളിലും രാവിലെ 9.30 മുതല്‍ 10.30 വരെ ഒരു മണിക്കൂര്‍ നടക്കുന്ന പൂജയില്‍ 80 രൂപ അടച്ചാല്‍ പൂജയ്ക്ക് ആവശ്യമായ നെയ് വിളക്ക്,പൂവ് ,ചന്ദനത്തിരി ,കര്‍പ്പൂരം ,ഇല , തീര്‍ത്ഥ പത്രം ,വെറ്റ ഇവ ക്ഷേത്രത്തില്‍ നിന്നും നല്‍കും. ആചാര്യന്റെ നിര്‍ദ്ദേശ പ്രകാരം പൂജ തുടങ്ങും. അതേസമയം തന്നെ മേല്‍ശാന്തി ശ്രീകോവിലില്‍ ലക്ഷ്യപ്രാപ്തി പൂജ നടത്തി പ്രസാദമായി ഒരു നാണയം നല്‍കും. പൂജാദ്രവ്യങ്ങള്‍ എല്ലാം ഒരുക്കിയത്തിനു ശേഷം മേല്‍ശാന്തി ശ്രീകോവിലില്‍ നിന്നും ദീപം പകര്‍ന്നു നല്കുന്നു. തുടര്‍ന്ന് ഗണപതി ധ്യാനത്തോടെ പൂജതുടങ്ങുന്നു. പൂജയിലെ ഏറ്റവും ഭക്തി പ്രധാനമായ ചടങ്ങാണ് നമ്മള് കൊടുവന്ന ധനം (നാണയം) ഒരു വെറ്റ യില്‍ വെച്ച് ഉളനാട്ടിലെ ഉണ്ണിക്കണ്ണനോട് നമ്മളുടെ ഉദിഷ്ട കാര്യം പാര്‍ത്ഥിക്കുന്നത്. പിന്നീട് ശ്രീകൃഷ്ണ അഷ്ടോത്തരം ജപിച്ചു ഓരോത്തരും അര്‍ച്ചന നടത്തുന്നു. ഈ സമയം മേല്‍ശാന്തി പൂജയില്‍ പങ്കെടുക്കുന്ന ഓരോ ഭക്തന്റെയും പേരില്‍ ശ്രീകോവിലില്‍ ഉണ്ണികണ്ണന്റെ തിരുമുമ്പില്‍ ലക്ഷ്യപ്രാപ്തി പൂജ നടത്തുന്നു
ശ്രീകൃഷ്ണസ്വാമിയും കായല്‍ മാടനും
വളരെ പണ്ട് ഉളനാട് ഒരു ഇരുണ്ട പ്രദേശം ആയിരുന്നു. ചതുപ്പും വെള്ളവും നിറഞ്ഞ പോളച്ചിറയും അതിന്റെ കരയിലെ കൈതക്കാടും ജനങ്ങളില്‍ പേടിയുളവാക്കുന്ന സംഭവങ്ങള്‍ ആയിരുന്നു. അക്കാലത്തു പോളച്ചിറയില്‍ കായല്‍ മാടന് എന്ന ഒരു ഭീകര സത്വം വസിച്ചിരുന്നു. പകല്‍ പോലും ഈ സത്വം കാരണം ജനങ്ങള്‍ക്ക് പോളച്ചിറയുടെ കരയില്‍ കൂടി യാത്ര ചെയ്യാന്‍ ഭയമായിരുന്നു. എന്നാല്‍ കാലക്രമേണ ഉണ്ണികണ്ണന്റെ ക്ഷേത്രം പോളച്ചിറയുടെ കരയില്‍ വന്നതില്‍ പിന്നെ ഈ ഭീകര സത്വത്തെ ആരും കണ്ടിട്ടില്ല. ഇന്നും ഉണ്ണികണ്ണന്റെ ഭക്തര്‍ വിശ്വസിക്കുന്നത് കാളിന്ദിയില്‍ നിന്നും കാളിയനെ തുരത്തി അമ്പാടിയെ രക്ഷിച്ചപോലെ കായല്‍ മാടനില്‍ നിന്നും ഉളനാടിനെ രക്ഷിച്ചത് ഈ ഉണ്ണിക്കണ്ണന് ആണെന്നാണ്.
ക്ഷേത്രത്തിലെ ഫോണ്‍ നമ്പര്‍ 7902269122
പ്രതികരിക്കാൻ ഇവിടെ എഴുതുക: