തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട് നടന്ന സമരം കൈവിട്ടുപോകുമെന്നായപ്പോള്‍ അവസാനിപ്പിക്കാന്‍ സഭാനേതാക്കളും പാരിഷ് കൗണ്‍സിലും നിര്‍ബന്ധിതരായി. എസ്ഡിപിഐ ഉള്‍പ്പെടെയുള്ള ഭീകരവാദ സംഘടനകളുടെ ഇടപെടല്‍ ഉണ്ടായതോടെ സമരം മറ്റൊരു തലത്തിലേക്ക് മാറുമെന്ന തിരിച്ചറിവാണ് കളക്ടര്‍ കെ. വാസുകി നല്കിയ വാക്കാലുള്ള വാഗ്ദാനം വിശ്വസിച്ചെന്ന് വരുത്തി സമരം അവസാനിപ്പിക്കാന്‍ സഭാനേതൃത്വം തയ്യാറായത്.
സമരം മൂലം പതിനൊന്നു ദിവസം തുറമുഖത്തിന്റെ പൈലിംഗ് ഉള്‍പ്പടെയുള്ള ജോലികള്‍ മുടങ്ങി. ഈ ഇനത്തില്‍ എട്ടരക്കോടി രൂപയാണ് കമ്പനിക്ക് നഷ്ടമായത്. ജില്ലാ കളക്ടര്‍ വാസുകിയും വിന്‍സെന്റ് എംഎല്‍എയും വിഴിഞ്ഞം ഇടവക വികാരിയും പാരിഷ് കൗണ്‍സില്‍ പ്രസിഡന്റുമായ വി. വില്‍ഫ്രഡും പത്തോളം സമരസമിതി അംഗങ്ങളും നടത്തിയ ചര്‍ച്ചയിലാണ് സമരത്തിന് സമവായമായത്. രണ്ടര മണിക്കൂര്‍ നീണ്ട ചര്‍ച്ചയ്ക്കൊടുവില്‍ സമിതി മുന്നോട്ടുവച്ച എല്ലാ വ്യവസ്ഥകളും സമയബന്ധിതമായി പൂര്‍ത്തിയാക്കാമെന്ന കളക്ടറുടെ ഉറപ്പിലാണ് സമരം ഒത്തുതീര്‍പ്പായത്. എന്നാല്‍ സമരത്തിന്റെ തുടക്കത്തിലേ ഇതേ ആവശ്യങ്ങളെല്ലാം അംഗീകരിക്കാമെന്ന് പറഞ്ഞെങ്കിലും സമരം നിര്‍ത്താന്‍ സഭയുടെ നേതൃത്വത്തിലുള്ള പാരിഷ് കൗണ്‍സില്‍ തയ്യാറായില്ല.
പുനഃരധിവാസ പാക്കേജ് നടപ്പിലാക്കുക, മത്സ്യബന്ധന തൊഴിലാളികളുടെ ആവശ്യങ്ങള്‍ അംഗീകരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം. കരമടി തൊഴിലാളികളുടെ സര്‍വ്വെ നവംബര്‍ 30നകം പൂര്‍ത്തിയാക്കും, പ്രദേശവാസികളുടെ പ്രശ്ന പരിഹാരത്തിന് സ്ഥിരം മേല്‍നോട്ട സമിതിയെ ചുമതലപ്പെടുത്തും, മണ്ണെണ്ണ പ്രശ്നം 10 ദിവസത്തിനുള്ളില്‍ പരിഹരിക്കും. നിലവിലുള്ള പട്ടയം ഉപാധിരഹിത പട്ടയമായി മാറ്റി കൊടുക്കും തുടങ്ങിയ കാര്യങ്ങളിലാണ് കളക്ടര്‍ ഉറപ്പുനല്‍കിയത്.ഗെയില്‍ പൈപ്പ് ലൈന്‍ സമരത്തില്‍ ഭീകരവാദ സംഘടനകളുടെ ഇടപെടല്‍ ഉണ്ടായതിന് സമാനമായി വിഴിഞ്ഞത്തും സംഭവിക്കും എന്ന ഇന്റലിജന്‍സിന്റെ മുന്നറിയിപ്പ് സര്‍ക്കാര്‍ സഭാനേതൃത്വത്തെ രഹസ്യമായി ധരിപ്പിച്ചിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ നാടകമായിരുന്നു ഒത്തുതീര്‍പ്പ് ചര്‍ച്ച. കഴിഞ്ഞ മാസം 30ന് ചര്‍ച്ച നടത്താന്‍ നിശ്ചയിച്ചിരുന്നെങ്കിലും സമരം അവസാനിപ്പിച്ചാല്‍ മാത്രമേ ചര്‍ച്ചയ്ക്ക് തയ്യാറാകുവെന്ന് കളക്ടര്‍ നിലപാട് വ്യക്തമാക്കിയിരുന്നു. അതേസമയം ഇന്നലെ ചര്‍ച്ച നടന്നപ്പോഴും സമരം അവസാനിപ്പിച്ചിരുന്നില്ല. കളക്ടര്‍ നിലപാടില്‍ നിന്നു പിന്നോട്ടുപോയത് സമ്മര്‍ദ്ദത്തിന് വഴങ്ങിയാണെന്നാണ് വിലയിരുത്തുന്നത്. ഈ മാസം 30ന് വീണ്ടും ചര്‍ച്ച നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: