കുട്ടനാട്: കുട്ടനാടന്‍ ജലാശയങ്ങളില്‍ ജലനിരപ്പുയര്‍ന്നതിനാല്‍ കാവാലം കൃഷിഭവന്‍ പരിധിയില്‍ വരുന്ന മംഗലം മാണിക്യമംഗലം കായലില്‍ മടവീണു. 1,004 ഏക്കര്‍ വരുന്ന കായലില്‍ പുഞ്ചകൃഷിക്കായി വിത പുരോഗമിക്കുന്നതിനിടെയാണ് മടവീഴ്ച സംഭവിച്ചത്.
അര കോടി രൂപയുടെയെങ്കിലും നഷ്ടമുണ്ടായതായാണ് കര്‍ഷകര്‍ പറയുന്നത്. കിഴക്കന്‍ മേഖലയിലെ ശക്തമായ മഴയെത്തുടര്‍ന്നാണ് കുട്ടനാട്ടില്‍ ജലനിരപ്പുയര്‍ന്നത്.
ഇന്നലെ പുലര്‍ച്ചെ അഞ്ചോടെ പടിഞ്ഞാറേ ബണ്ടിലുള്ള കുഴിയാംപാക്കല്‍ ചിറയിലാണ് മടവീണത്.
ആറ്റില്‍ നിന്നുള്ള വെള്ളത്തിന്റെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് പാടത്തേക്കു വെള്ളം കയറ്റാനായി സ്ഥാപിച്ചിരുന്ന തൂമ്പ് തള്ളിപ്പോകുകയും, വെള്ളം ഇരച്ചുകയറുകയുമയിരുന്നു. വെള്ളത്തിന്റെ കുത്തൊഴുക്കില്‍ 25 മീറ്ററോളം ദൂരത്തിലെ പുറംബണ്ട് ഒലിച്ചുപോയി.
വിവരമറിഞ്ഞെത്തിയ പാടശേഖര സമിതി ഭാരവാഹികളും കര്‍ഷകരും ചേര്‍ന്ന് മടകുത്താന്‍ നടത്തിയ ശ്രമങ്ങള്‍ ഫലംകണ്ടില്ല. പുഞ്ചകൃഷിക്കായി കഴിഞ്ഞ വ്യാഴാഴ്ചയാണ് ഇവിടെ വിതയാരംഭിച്ചത്. പകുതിയിലേറെ നിലങ്ങളില്‍ വിത പൂര്‍ത്തിയായിക്കഴിഞ്ഞിരുന്നു. അവശേഷിക്കുന്ന കര്‍ഷകര്‍ വിതയ്‌ക്കുന്നതിനായി വിത്തു തയാറാക്കിക്കഴിഞ്ഞിരുന്നു.
ഇവിടെ എല്ലാ കൃഷി സീസണിലും മടവീഴ്ച പതിവായിരിക്കുകയാണ്. ശാശ്വത പരിഹാരം കാണുമെന്ന് മന്ത്രിയും ജനപ്രതിനിധികളും പല തവണ പ്രഖ്യാപിച്ചെങ്കിലും നടപടി മാത്രം ഉണ്ടാകുന്നില്ല.
















