തിരുവനന്തപുരം: ഭരണഭാഷ, ശ്രേഷ്ഠഭാഷ എന്ന പദവിയില്‍ ഇരുന്നതുകൊണ്ടുമാത്രം മലയാളം സാര്‍വത്രിക ഭാഷയാകില്ലെന്ന് ശില്‍പി കാനായി കുഞ്ഞിരാമന്‍. ഭരണഭാഷ മലയാളമാകുകയും എന്നാല്‍ കോടതിഭാഷ ഇംഗ്ലീഷാവുകയും ചെയ്യുന്നത് പൊരുത്തക്കേടാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ജഡ്ജുമെന്റുകള്‍ വായിച്ചു മനസ്സിലാക്കാന്‍ കഴിയാതെ സാധാരണക്കാരന് നെട്ടോട്ടം ഓടേണ്ടിവരുന്നത് ഭാഷാധിനിവേശമാണെന്നും കാനായി പറഞ്ഞു. ഐരാണിമുട്ടം തുഞ്ചന്‍ സ്മാരകത്തില്‍ നടന്ന മലയാളഭാഷ മലയാളജീവിതം സാംസ്‌കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളീയമല്ലാത്ത പാര്‍പ്പിടത്തില്‍ വസിച്ച് കേരളീയമല്ലാത്ത ഭക്ഷണം കഴിച്ച് കേരളീയമല്ലാത്ത ഭാഷയില്‍ അഭിരമിച്ച് കഴിയുന്ന മലയാളിജീവിതത്തില്‍ മലയാളഭാഷ ശ്രേഷ്ഠതയുടെ ഷോക്കേഴ്‌സില്‍ ആണെന്ന് മുഖ്യാതിഥിയായി പങ്കെടുത്ത കവിയും ഗാനരചയിതാവുമായ പൂവച്ചല്‍ ഖാദര്‍ വ്യക്തമാക്കി. അയലത്തെ ഭാഷ പഠിക്കാതെ ഇംഗ്ലീഷ് വിവര്‍ത്തനം വഴി സാഹിത്യവായന നടത്തുന്ന ശീലമല്ല നമുക്ക് വേണ്ടതെന്ന് മുഖ്യപ്രഭാഷണം നടത്തിയ കവി ഡി. യേശുദാസ് ചൂണ്ടിക്കാട്ടി. ഡോ ടി.ജി. രാമചന്ദ്രന്‍പിള്ള, സുധ എം. ഹരികുമാര്‍, ഉണ്ണി പ്രശാന്ത്, ആറ്റുകാല്‍ ജി. കുമാരസ്വാമി, പി. മോഹനന്‍, മണക്കാട് ഗോപന്‍, ഷൈജു എസ്. ധരന്‍ എന്നിവര്‍ സംസാരിച്ചു.
















