ന്യൂദല്‍ഹി: അസര്‍ബൈജാന്റെ ജിഡിപിയോളം വരുന്ന സമ്പാദ്യവുമായി റിലയന്‍സ് മേധാവി മുകേഷ് അംബാനി ഇന്ത്യയിലെ സമ്പന്നരുടെ പട്ടികയില്‍ വീണ്ടും ഒന്നാമതെത്തി. രണ്ടേമുക്കാല്‍ ലക്ഷം കോടി രൂപയാണ് മുകേഷിന്റെ ആസ്തി. ഫോബ്സ് മാഗസിന് പുറത്തു വിട്ട സമ്പന്നരുടെ പട്ടികയിലാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ ചെയര്മാന് മുകേഷിന്റെ സമ്പത്തിന്റെ കണക്കുള്ളത്.
ഇന്ത്യയിലെ നൂറ് അതിസമ്പന്നരുടെ പട്ടികയാണ് ഫോബ്സ് മാഗസിന്റെ ഇന്നു പുറത്തിറങ്ങുന്ന ലക്കത്തിലുള്ളത്. ഒരു ലക്ഷം കോടിയിലെറെ രൂപയുടെ ആസ്തിയുമായി(19 ബില്യണ്‍ ഡോളര്‍) വിപ്രോയുടെ അസിം പ്രേംജി പട്ടികയില്‍ രണ്ടാമതെത്തി. അഫ്ഗാനിസ്ഥാന്റെ ജിഡിപിക്കു തുല്യമാണ് അസിം പ്രേജിയുടെ സമ്പാദ്യം. 18.4 ബില്യണ്‍ ഡോളര്‍ ആസ്തിയുള്ള ഹിന്ദുജ കുടുംബം മൂന്നാം സ്ഥാനം നിലനിര്‍ത്തി.
ഒറ്റ വര്‍ഷത്തിനിടെ സമ്പാദ്യത്തില്‍ വന്‍ തകര്‍ച്ച നേരിട്ട സണ്‍ ഫാര്‍മസ്യൂട്ടിക്കല്‍സിന്റെ ദിലീപ് സംഘ്വിയുടെ ആസ്തിയിലുണ്ടായ ഇടിവാണ് പട്ടികയില്‍ ഏറ്റവും ശ്രദ്ധേയം. കഴിഞ്ഞ വര്‍ഷം 12.1 ബില്യണ്‍ ഡോളറിന്റെ ആസ്തിയുമായി രണ്ടാം സ്ഥാനത്തായിരുന്ന ദിലീപ് സംഘ്വിയുടെ 2017ലെ ആസ്തി 4.8 ബില്യണ്‍ ഡോളറായി ഇടിഞ്ഞു.
വാഡിയ ഗ്രൂപ്പിന്റെ ചെയര്മാന് നുസ്ലി വാഡിയ ഇന്ത്യയിലെ അതിസമ്പന്നരുടെ പട്ടികയില്‍ ഇടം കണ്ടെത്തിയതാണ് മറ്റൊരു പ്രത്യേകത. 5.6 ബില്യണ്‍ ഡോളര്‍ ആസ്തിയോടെ നുസ്ലി വാഡിയ ഇരുപത്തഞ്ചാം സ്ഥാനത്താണ്.
ഇന്ത്യയിലെ നൂറ് അതിസമ്പന്നരുടെ ആകെ സമ്പാദ്യം 479 ബില്യണ്‍ ഡോളര്‍ വരും. കഴിഞ്ഞ വര്‍ഷത്തേതിനേക്കാള്‍ 26 ശതമാനം കൂടുതലാണിത്.
നോട്ടു നിരോധനത്തിന്റേയും ജിഎസ്ടിയുടേയും സ്വാധീനത്തിലാണ് ഇപ്പോഴും ഇന്ത്യയുടെ സാമ്പത്തിക രംഗമെന്ന് ഫോബ്സ് ഇന്ത്യ സിഇഒ ജോയ് ചക്രവര്‍ത്തി പറഞ്ഞു. എന്നാല്‍ വെല്ലുവിളികളെ നേരിടുമ്പോള്‍ സമ്പദ് രംഗം ഉറച്ചു നില്ക്കുന്നു. ബ്രാന്‍ഡ് ഇന്ത്യയുടെ വിജയമാണ് സാമ്പത്തികമേഖലയുടെ സവിശേഷത, ചക്രവര്‍ത്തി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: