കുട്ടനാട്: സര്‍ക്കാരിന്റെ കൊയ്‌ത്ത് യന്ത്രങ്ങള്‍ കര്‍ഷകര്‍ക്ക് പ്രയോജനപ്പെടുന്നില്ല, സര്‍ക്കാര്‍ തീരുമാനങ്ങള്‍ ചുവപ്പുനാടയില്‍ കുരുങ്ങുകയാണ്. കര്‍ഷകര്‍ക്ക് ആശ്രയം സ്വകാര്യ കൊയ്‌ത്ത് യന്ത്രങ്ങളാണ്.
കഴിഞ്ഞ പുഞ്ചക്കൃഷിക്കു സര്‍ക്കാര്‍ യന്ത്രങ്ങള്‍ ഗുണകരമാകാതെ വരികയും കൊയ്‌ത്ത്, ഇടനിലക്കാര്‍ കയ്യടക്കുകയും ചെയ്തതോടെ സര്‍ക്കാരിന്റെ കൈവശമുള്ള യന്ത്രങ്ങള്‍ പാടശേഖരങ്ങള്‍ക്കു സൗജന്യമായി നല്‍കാനുള്ള തീരുമാനം സര്‍ക്കാര്‍ എടുത്തിരുന്നു.
ഈ തീരുമാനം ഇതുവരെ നടപ്പായിട്ടില്ല. ഇത്തവണ പുഞ്ചക്കൃഷിക്ക് ഒരുക്കങ്ങള്‍ തുടങ്ങിയ സാഹചര്യത്തില്‍ കൊയ്‌ത്ത് യന്ത്രങ്ങള്‍ കര്‍ഷകര്‍ക്ക് ലഭ്യമാക്കാനുള്ള നടപടികള്‍ ഇപ്പോഴെങ്കിലും തുടങ്ങണമെന്നാണ് ആവശ്യം ഉയരുന്നത്. സ്രര്‍ക്കാര്‍ വക യന്ത്രങ്ങള്‍ ഭൂരിപക്ഷവും കട്ടപ്പുറത്താണ്. കുട്ടനാട് പാക്കേജില്‍ പെടുത്തി വാങ്ങിയ 158 കൊയ്‌ത്തു മെതി യന്ത്രങ്ങളാണു ജില്ലയില്‍ ഉണ്ടായിരുന്നത്. കൂടാതെ ജില്ലാ പഞ്ചായത്തിന്റെ 19 യന്ത്രങ്ങളും ഉണ്ടായിരുന്നു. സര്‍ക്കാര്‍ യന്ത്രങ്ങള്‍ അഗ്രോ ഇന്‍ഡസ്ട്രീസ് കോര്‍പറേഷന്റെ നിയന്ത്രണത്തില്‍ കെയ്‌കോ ആണു കൈകാര്യ സംരക്ഷണവും, വിതരണവും ചെയ്തിരുന്നത്.
ഇപ്പോള്‍ 25 ല്‍ താഴെ മാത്രമാണു ഭാഗികമായെങ്കിലും പ്രവര്‍ത്തിക്കുന്നത്. കേടായ യന്ത്രങ്ങള്‍ എവിടെയാണെന്നു കൃഷി വകുപ്പ് അധികൃതര്‍ക്കു പോലും അറിവില്ല. ജില്ലാ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുണ്ടായിരുന്നവ പൂര്‍ണമായും നശിച്ച നിലയിലുമാണ്. 2006-2007 കാലയളവിലാണു കൊയ്‌ത്ത് യന്ത്രങ്ങള്‍ ഉപയോഗിച്ചുള്ള വിളവെടുപ്പിനു കുട്ടനാട്ടില്‍ തുടക്കം കുറിച്ചത്.
തുടക്കത്തില്‍ തൊഴിലാളികളില്‍ നിന്നും വ്യാപകമായ എതിര്‍പ്പുണ്ടായെങ്കിലും തൊഴിലാളി ക്ഷാമം അംഗീകരിച്ചു കൊയ്‌ത്ത് യന്ത്രത്തിനെ സ്വാഗതം ചെയ്യുകയായിരുന്നു. ഏതാനും വര്‍ഷങ്ങള്‍ക്കു ശേഷമായിരുന്നു കുട്ടനാട് പാക്കേജില്‍ പെടുത്തി യന്ത്രങ്ങള്‍ വാങ്ങിയത്.
അതോടെ ക്രമക്കേടും അഴിമതിയും വ്യാപകമായി. സ്വാകാര്യ യന്ത്രങ്ങള്‍ കൊണ്ടു ദിവസേന 10 മുതല്‍ 15 മണിക്കൂര്‍ കൊയ്യുമ്പോള്‍ സര്‍ക്കാര്‍ യന്ത്രങ്ങള്‍ കൊണ്ടുപോകുന്നവര്‍ കണക്കു നല്‍കുന്നതു രണ്ടോ മൂന്നോ മണിക്കൂര്‍ എന്നതായിരുന്നു. ഇതിലൂടെ കോടികളാണു നഷ്ടമായത്.
പുഞ്ച സീസണില്‍ നാനൂറ് മുതല്‍ അഞ്ഞൂറ് യന്ത്രങ്ങള്‍ ഉണ്ടെങ്കിലെ കൊയ്‌ത്ത് സുഗമമായി പോകുകയുള്ളു. ആന്ധ്ര, കര്‍ണാടക, തമിഴ്‌നാട് എന്നിവിടങ്ങളില്‍ നിന്നാണു യന്ത്രങ്ങള്‍ കേരളത്തിലെത്തുന്നത്.
















