തിരുവല്ല: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ക്ഷേത്ര മേല്‍ശാന്തിയായി നിയമനം ലഭിച്ച അബ്രാഹ്മണനെതിരെ അഖില കേരള ശാന്തി ക്ഷേമ യൂണിയന്റെ പടപ്പുറപ്പാട്.
വളഞ്ഞവട്ടം മണപ്പുറം ശിവക്ഷേത്രത്തില്‍ മേല്‍ശാന്തിയായി ഒക്ടോബര്‍ 9 ന് നിയമിതനായ യദുകൃഷ്ണനെതിരെയാണ് ശാന്തി ക്ഷേമ യൂണിയന് സെക്രട്ടറി അടക്കമുള്ളവര്‍ പരാതിയുമായി എത്തിയിരിക്കുന്നത്.
ക്ഷേത്രത്തിലെ നിത്യപൂജയ്ക്ക് മുടക്കം വരുത്തി എന്ന് ആരോപിച്ച് യൂണിയന് സെക്രട്ടറി എ.എസ്. കൃഷ്ണന് നമ്പൂതിരി, തിരുവിതാംകൂര്‍ ദേവസ്വം എംപ്ലോയിസ് യൂണിയന് തിരുവല്ല ഗ്രൂപ്പ് സെക്രട്ടറി പ്രേംജിത് ശര്‍മ്മ എന്നിവരാണ് ദേവസ്വം അസിസ്റ്റന്റ് കമ്മീഷണര്‍ക്ക് 27 ന് പരാതി നല്‍കിയത്.
26 ന് രേഖാമൂലം അവധിയെടുത്ത യദുകൃഷ്ണന് വൈകുന്നേരവും അടുത്ത ദിവസം രാവിലെയും പൂജ നടത്താനായി മനോജ് പൈ എന്നയാള ഏര്‍പ്പാടാക്കിയിരുന്നു.
പകരമെത്തിയ ശാന്തിക്കാരന് നടതുറക്കാന്‍ വൈകി എന്നതാണ് യദുകൃഷ്ണന് എതിരെയുള്ള ആരോപണം. ക്ഷേത്ര ആചാരങ്ങളില്‍ വീഴ്ച വരുത്തിയ യദുകൃഷ്ണനെ മേല്‍ശാന്തി സ്ഥാനത്ത് നിന്നും നീക്കം ചെയ്യണമെന്നും മേല്‍ നടപടി സ്വീകരിക്കണമെന്നു മുള്ള പരാതികളാണ് ഇരുവരും ദേവസ്വം അസിസ്റ്റന്റ് കമ്മീഷണര്‍ക്ക് നല്‍കിയത്.
ഇതിന്റെ അടിസ്ഥാനത്തില്‍ അസി. കമ്മിഷണര്‍ എസ.് ആര്. സജിന്‍ ക്ഷേത്രത്തിലെത്തി . ഉപദേശക സമിതിയില്‍നിന്നും ഭക്തജനങ്ങളില്‍ നിന്നും ലഭിച്ച വിവരങ്ങള്‍ സംബന്ധിച്ച റിപ്പോര്‍ട്ട് അടുത്ത ദിവസം ദേവസ്വം കമ്മീഷണര്‍ക്ക് കൈമാറുമെന്ന് അസി.കമ്മീഷണര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: