ഐക്യകേരളത്തിന് 61 വയസ്. നേട്ടങ്ങളും കോട്ടങ്ങളും അതിലേറെ വെല്ലുവിളികളും നിറഞ്ഞ പിന്നിട്ട വര്‍ഷങ്ങളുടെ ഓര്‍മ്മ പങ്കുവെക്കുകയാണ് ഇന്ന് കേരളം. എല്ലാ പ്രേക്ഷകര്‍ക്കും കേരള പിറവി ആശംസകള്‍.
തിരുവിതാംകൂര്‍, കൊച്ചി, മലബാര്‍ ദേശങ്ങളുടെ കൂടിച്ചേരല്‍. അവതാര ഐതീഹ്യത്തോളം പഴക്കമുള്ള ദേശം ഐക്യരൂപം കൊണ്ടത് മലയാളഭാഷയുടെ പേരില്‍. മലയോരവും തീരവും ഇടനാടും. വൈവിദ്ധ്യമാര്‍ന്ന ഭൂപ്രകൃതിക്കൊപ്പം സന്തുലിത കാലാവസ്ഥ കൂടി ചേര്‍ന്നപ്പോള്‍ ദൈവത്തിന്റെ സ്വന്തം നാടായി.
പകുതിയിലധികം ജനങ്ങളും കര്‍ഷകരായിരുന്നു സംസ്ഥാനം പിറവിയെടുക്കുമ്പോള്‍. പരിഷ്‌കരണത്തിന്റെ പേരില്‍ വീതം വയ്‌ക്കപ്പെട്ട ഭൂമിയില്‍ ഇന്ന് കൃഷിയിറക്കുന്നത് വിരലിലെണ്ണാവുന്ന ശതമാനം മാത്രം. മാറിമാറി വന്ന സര്‍ക്കാരുകള്‍ നയങ്ങള്‍ കൊട്ടിഘോഷിച്ചെങ്കിലും ഭൂമിയുടെ അവകാശത്തിനായി വനവാസികളടക്കമുളളവരുടെ പോര് ഇന്നും തുടരുന്നു.
നിഷേധാത്മക സമീപനങ്ങള്‍ വ്യാവസായിക മേഖലയ്‌ക്ക് വിഘാതമായപ്പോള്‍ മലയാളി ആശ്ലേഷിച്ചത് പ്രവാസജീവിതത്തെ. അതാകട്ടെ നമുക്ക് സമ്മാനിച്ചത് പുതിയ സാമൂഹിക സാമ്പത്തിക ഘടനയും. ആറുപതിറ്റാണ്ടിനിപ്പുറം മലയാളിയെ എണ്ണാനൊരുങ്ങിയാല്‍ അത് ലോകം മുഴുവന്‍ വേണ്ടിവരും.
ഒരു നൂറ്റാണ്ട് മുമ്പ് തുടങ്ങിയ സാമൂഹിക നവോത്ഥാനം തുടര്‍പ്രക്രിയ ആയപ്പോഴാണ് കേരളത്തിന്റെ മാതൃക കേള്‍വികേട്ടത്. പിന്നീട് സമ്പൂര്‍ണ സാക്ഷരതയിലൂടെയും കേരളം രാജ്യത്തിന് പുതുവഴികാട്ടി. എന്നാല്‍ വനവാസി മേഖലയിലും മറ്റും ഇന്നും തുടരുന്ന ശിശുമരണങ്ങള്‍ കേരള മാതൃകയുടെ മേല്‍ ചോദ്യങ്ങള്‍ വീഴ്‌ത്തുന്നു.
മലയാളിക്ക് എന്നും ആരോഗ്യം സമ്മാനിച്ച ശുചിത്വബോധത്തില്‍ കരിനിഴലാകുകയാണ് വഴിനീളെയുള്ള മാലിന്യനിക്ഷേപങ്ങള്‍. പ്രാണന്‍ നിലനിര്‍ത്തിയിരുന്ന നിളയും സഹ്യനും സ്വന്തം ശ്വാസത്തിനായി കേഴുന്നത് 61 ന്റെ നേര്‍ക്കാഴ്ചകളാകുന്നു.
















