ചെന്നൈ/ ഹൈദരാബാദ്: ഐഎഎസ് പരീക്ഷയില്‍ കോപ്പിയടിച്ച് പിടിയിലായ മലയാളി ഐപിഎസ് ഉദ്യോഗസ്ഥന്‍ സഫീര്‍കരീമിന്റെ ഭാര്യ കാഞ്ഞിരപ്പള്ളി സ്വദേശി ജോയിസി ജോയിയും പിടിയില്‍. സഫീറിന് മൊബൈലില്‍ ഉത്തരം പറഞ്ഞുകൊടുത്തത് ജോയിസിയാണ്. ഇതോടെ ഇയാളുടെ ഐപിഎസും സംശയനിഴലിലായി. പണി പോകുമെന്നും ഉറപ്പായി.
തമിഴ്‌നാട് കേഡര്‍ ഐപിഎസ് ഉദ്യോഗസ്ഥനായ നെടുമ്പാശേരി സ്വദേശി സഫീര്‍ തിരുനല്‍വേലിക്കടുത്ത് നാങ്കുനേരിയില്‍ എഎസ്പിയാണ്. ചെന്നൈ എഗ്‌മോറില്‍ ഐഎഎസ് മെയിന്‍ പരീക്ഷയ്‌ക്ക് കോപ്പിയടിച്ചപ്പോഴാണ് തിങ്കളാഴ്ച രാവിലെ ഇയാളെ ഐബി ഉദ്യോഗസ്ഥര്‍ പിടിച്ചത്. ഇയാളില്‍ നിന്ന് സെല്‍ഫോണ്‍, ഷര്‍ട്ടിന്റെ ബട്ടണില്‍ ഘടിപ്പിക്കുന്ന ബ്‌ളൂ ടൂത്ത് സഹായത്തോടെ പ്രവര്‍ത്തിക്കുന്ന കുഞ്ഞന്‍ കാമറ, വയര്‍ലസ് ഇയര്‍ ഫോണുകള്‍ തുടങ്ങിയവ പിടിച്ചെടുത്തിട്ടുമുണ്ട്. എഗ്‌മോറിലെ പ്രസിഡന്‍സി ഗേള്‍സ് ഹയര്‍സെക്കണ്ടറി സ്‌കൂളിലായിരുന്നു പരീക്ഷാ കേന്ദ്രം.
ഹൈദരാബാദിലിരുന്ന് ജോയിസിയാണ് ഉത്തരങ്ങള്‍ മൊബൈലില്‍ പറഞ്ഞു കൊടുത്തത്. ഇവിടെ അശോക് നഗറിലെ ലാ എക്‌സലന്‍സ് എന്ന പേരിലുള്ള ഐഎഎസ് കോച്ചിങ്ങ് സെന്ററിലെ ഗസ്റ്റ് അധ്യാപികയാണ് ജോയിസി. ഐഎഎസു കൂടി നേടാനുള്ള മോഹത്തിനാണ് സഫീര്‍ യുപിഎസ്‌സിയുടെ ഐഎഎസ് പരീക്ഷയെഴുതിയതെന്ന് കോച്ചിങ്ങ് സെന്റര്‍ ഉടമ പി. രംഭു പറഞ്ഞു. 2012ല്‍ ഇയാള്‍ക്ക് ഐഎഎസ് പരീക്ഷയില്‍ 112ാം റാങ്ക് കിട്ടിയിരുന്നു.
സ്വന്തം ഐഎഎസ് സെന്റര്‍
സഫീര്‍ കരീം കൊച്ചിയിലും തിരുവനന്തപുരത്തും സ്വന്തമായി ഐഎഎസ് കോച്ചിങ്ങ് സെന്റര്‍ നടത്തുന്നുണ്ട്. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഇത്തരം സ്ഥാപനങ്ങള്‍ നടത്തരുതെന്നാണ് ചട്ടം. ഇലക്‌ട്രോണിക് എന്‍ജിനീയര്‍ കൂടിയായ കരീം ആദ്യ അഞ്ചു പരീക്ഷകളിലും കോപ്പിയടിച്ചുവെന്ന സംശയത്തെത്തുടര്‍ന്നാണ് യുപിഎസ്‌സിയുടെ അഭ്യര്‍ഥന പ്രകാരം ഐബി ഇയാളെയും ഭാര്യയേയും നിരീക്ഷിച്ചത്. ഹാളില്‍ കടക്കും മുന്‍പ് പോലീസ് ഇയാളെ പരിശോധിച്ചെങ്കിലും ഇവയെല്ലാം ഇയാള്‍ തന്ത്രപൂര്‍വ്വം മറികടന്നു. പക്ഷെ ഹാളിന്റെ സമീപത്തുണ്ടായിരുന്ന നാല് ഐബി ഉദേ്യാഗസ്ഥരുടെ കണ്ണ് വെട്ടിക്കാന്‍ ഇയാള്‍ക്കായില്ല. പരീക്ഷ തുടങ്ങി ഇരുപതു മിനിറ്റിനു ശേഷം അകത്തെത്തിയ ഇവര്‍ ഇയാളെ പരിശോധിച്ച് ഇയര്‍ഫോണ്‍ അടക്കം കൈയോടെ പിടികൂടി. സെല്‍ഫോണ്‍ കസേരക്കടിയിലാണ് ഒളിപ്പിച്ചിരുന്നത്.
ചെറു കാമറ വഴി ചോദ്യ പേപ്പറിന്റെ ചിത്രമെടുത്ത് ഭാര്യയ്‌ക്ക് അയയ്‌ക്കും. അതു കിട്ടിയ മാത്രയില്‍ അവര്‍ ഫോണില്‍ ഉത്തരം പറയും. വഞ്ചന, കുറ്റകരമായ ഗൂഡാലോചന തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് ഇവരെ അറസ്റ്റു ചെയ്തത്.
ഐഎഎസ് കിട്ടില്ലെന്നു മാത്രമല്ല, കൈയിലുള്ള ഐപിഎസ് പോകുമെന്ന അവസ്ഥയിലാണ് സഫീര്‍ കരീം. എഎസ്പിയായ ഇയാള്‍ പ്രൊേബഷനിലാണ്. അതിനാല്‍ കുറ്റം തെളിഞ്ഞാല്‍ ഐപിഎസും പോകും. കരീം അക്കാദമിയില്‍ എക്കണോമിക്‌സ് പഠിപ്പിക്കാന്‍ വന്ന ജോയിസിയെ പ്രേമിച്ച് കല്യാണം കഴിക്കുകയായിരുന്നു.
ഒരു സിവില്‍ സര്‍വീസ് അക്കാദമിയില്‍ അധ്യാപികയാണ് ജോയ്സി ജോയി. ഹൈദരാബാദില്‍ നിന്നാണ് ഇവരെ ഇന്നു രാവിലെ കസ്റ്റഡിയില്‍ എടുത്തത്. ഇവര്‍ ജോലി ചെയ്തിരുന്ന സിവില്‍ സര്‍വീസ് പരീശീലന കേന്ദ്രത്തിന്റെ ഡയറക്ടര്‍ക്കും സംഭവത്തില്‍ പങ്കുണ്ടെന്നാണ് ഐ.ബി നിഗമനം. മൂന്നു പേര്‍ക്കുമെതിരെ വഞ്ചന അടക്കം വിവിധ വകുപ്പുകള്‍ പ്രകാരം കേസെടുക്കാനാണ് തീരുമാനം.
















