കോട്ടയം: വ്യാപാരികള്‍ ഉപഭോക്താക്കളില്‍ നിന്ന് അമിതമായി ജിഎസ്ടി ഈടാക്കുന്നത് തടയാന്‍ ജിഎസ്ടി വകുപ്പ് നടത്തിയ പരിശോധനകള്‍ അവസാനിപ്പിക്കുന്നു. ഉല്പന്നങ്ങളുടെ നികുതി ഘടനയില്‍ ജിഎസ്ടി കൗണ്‍സില്‍ മാറ്റം വരുത്തിയേക്കുമെന്ന ധനവകുപ്പിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് പരിശോധന അവസാനിപ്പിച്ചത്. ഇതോടെ ജിഎസ്ടിയുടെ പേരില്‍ ഉപഭോക്താക്കളെ കൊള്ളയടിക്കാനുള്ള അവസരം ഒരുങ്ങി.
ജിഎസ്ടി നിലവില്‍ വന്ന് അഞ്ച് മാസം കഴിഞ്ഞിട്ടും നികുതി സമ്പ്രദായം ഫലപ്രദമായി നടപ്പാക്കാന്‍ കേരളത്തിനായിട്ടില്ല. ഇത് നന്നായി നടപ്പാക്കണമെങ്കില്‍ പരിശോധന അനിവാര്യമാണ്. ജിഎസ്ടിയെ തുടര്‍ന്ന് വില കുറഞ്ഞ സാധനങ്ങള്‍ കൂടിയ വിലയ്ക്ക് വില്‍ക്കുന്നുണ്ടോ, ഹോട്ടല്‍ ബില്ലുകളില്‍ കൂടിയ നികുതി ചുമത്തുന്നുണ്ടോ , ബില്ലുകളില്‍ കൃത്രിമം കാണിക്കുന്നുണ്ടോ തുടങ്ങിയ കാര്യങ്ങളാണ് പരിശോധിച്ചിരുന്നത്. എന്നാല്‍ പരിശോധനകള്‍ പൂര്‍ണ്ണമായും നിലച്ചു.
കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ചുമത്തിയിരുന്ന വളരെ ഏറെ നികുതികള്‍ ഒറ്റ നികുതിയാക്കി മാറ്റിയപ്പോള്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്ന നേട്ടങ്ങളെ ഇല്ലാതാക്കാന്‍ മാത്രമെ ഇത് ഉപകരിക്കുകയുള്ളുവെന്ന് നികുതി വിദഗ്ധര്‍ പറയുന്നു.ഇത് സംസ്ഥാനത്തിന്റെ നികുതി വരുമാനത്തെയും ബാധിക്കും.
ജിഎസ്ടിയോടുള്ള രാഷ്ടീയ എതിര്‍പ്പാണ് പരിശോധനകള്‍ നിര്‍ത്തിവയ്ക്കാന്‍ കാരണമെന്നാണ് ആരോപണം. ജിഎസ്ടിയിലെ നികുതി ഘടനയുമായി ബന്ധപ്പെട്ട് തുടര്‍ സാങ്കേതിക പരിജ്ഞാനം ഉദ്യോഗസ്ഥര്‍ക്ക് നല്‍കാത്തതും തിരിച്ചടിയാണ്. 30 ശതമാനം ഉദ്യോഗസ്ഥര്‍ക്ക് മാത്രമേ ഇത് സംബന്ധിച്ച് കൃത്യമായ ധാരണയുള്ളുവെന്ന് നികുതി വിദഗ്ധര്‍ പറയുന്നു. ജിഎസ്ടി പോര്‍ട്ടല്‍ വഴി റിട്ടേണ്‍ സമര്‍പ്പിക്കുമ്പോള്‍ ഉണ്ടാകുന്ന സാങ്കേതിക പ്രശ്നങ്ങള്‍ക്ക് കൃത്യമായ മറുപടി നല്‍കാനും ഉദ്യോഗസ്ഥര്‍ക്ക് കഴിയുന്നില്ല.
ജിഎസ്ടിയോട് ഒരു വിഭാഗം വ്യാപാരികള്‍ പുലര്‍ത്തുന്ന എതിര്‍പ്പിന് പിന്തുണ നല്‍കുകയാണ് സംസ്ഥാന സര്‍ക്കാര്‍ പരിശോധന നിര്‍ത്തി വച്ചതിലൂടെ ചെയ്തത്. ഇക്കാരണത്താല്‍ തന്നെ റിട്ടേണ്‍ സമര്‍പ്പിക്കുന്ന വ്യാപാരികളുടെ എണ്ണവും കുറഞ്ഞു. ജൂലൈയില്‍ 89 ശതമാനം വ്യാപാരികള്‍ റിട്ടേണ്‍ കൊടുത്തുവെങ്കില് ആഗസ്റ്റില്‍ 56 ശതമാനമായി കുറഞ്ഞു. സപ്തംബറില്‍ റിട്ടേണ്‍ 38 ശതമാനമായും കുറഞ്ഞെന്ന് നികുതി വിദഗ്ധരുടെ കണക്കുകള്‍ പറയുന്നു. എന്നാല്‍ ജിഎസ്ടി പോര്‍ട്ടലിന്റെ തകരാറിനെയാണ് ഇതിന് സംസ്ഥാന സര്‍ക്കാര്‍ പഴിക്കുന്നത്.
പരിശോധനയും കൂടി അവസാനിപ്പിച്ചതോടെ സംസ്ഥാന ജിഎസ്ടി വകുപ്പിലേക്ക് പുനര്വിന്യസിപ്പിച്ച വില്്പന നികുതി ഉദ്യോഗസ്ഥര്‍ക്ക് പണിയില്ലാതെയായി. ഇവരോട് 2012 മുതലുള്ള പഴയ റിട്ടേണുകള്‍ പരിശോധിച്ച് നോട്ടീസ് അയയ്ക്കാനാണ് നിര്‍ദ്ദേശം കൊടുത്തിരിക്കുന്നത്. നാലായിരത്തോളം വരുന്ന ഉദ്യോഗസ്ഥരില്‍ നല്ലൊരു ശതമാനവും വെറുതേയിരിക്കുകയാണ്. അതേ സമയം ജിഎസ്ടിയുടെ പൂര്‍ണ്ണ നിയന്ത്രണം കേന്ദ്രത്തിലായതിനാല്‍ പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ലെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: