എസ് എഫ് ഐ യുടെ മര്‍ദ്ദനത്തെ തുടര്‍ന്ന് ഗുരുതരമായ പരിക്കുകളോടെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കപ്പെട്ട നാട്ടകം ഗവണ്മെന്റ് കോളേജ് വിദ്യാര്‍ത്ഥിനി ആരതി സജിയും ആത്മജ ബിജുവും
കോട്ടയം:നാട്ടകം ഗവ. കോളേജില്‍ എസ്എഫ്‌ഐക്കാര്‍പെണ്‍കുട്ടികളെ ആക്രമിച്ചു. ഗുരുതരമായി പരിക്കേറ്റ രണ്ട് പെണ്‍കുട്ടികളെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.കാവാലം ചെറുകര സ്വദേശിനി ആത്മജ ബിജു (20), മൂവാറ്റുപുഴ സ്വദേശിനി ആരതി സജി (20) എന്നിവരാണ് ചികിത്സയിലുള്ളത്. ഇവര്‍ ബി.എ പൊളിറ്റിക്കല്‍ സയന്‍സ് മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിനികളാണ്.ദളിത് സംഘടന ഉണ്ടാക്കുമോ എന്ന് ചോദിച്ചും തീവ്രവാദികളാണെന്ന് ആക്രോശിച്ചുമാണ് ആക്രമണം.
തിങ്കളാഴ്ച വൈകിട്ട് 4 മണിയോടുകൂടി വീട്ടിലേക്ക് പോകാന്‍ തുടങ്ങിയപ്പോള്‍ കോളേജില്‍ പഠിക്കുന്നവരും പുറത്തുനിന്നുള്ളവരുമായ എസ്എഫ്‌ഐ, ഡിവൈഎഫ്‌ഐക്കാര്‍ സംഘം ചേര്‍ന്ന് അക്രമിക്കുകയായിരുന്നു. എബിവിപി പ്രവര്‍ത്തകരെ മര്‍ദ്ദിച്ചതിനെതിരെ പെണ്‍കുട്ടികള്‍ കോളേജില്‍ എസ്എഫഐക്കാരെ ഉപരോധിച്ചിരുന്നു.ഇതാണ് പെണ്‍കുട്ടികളെ തെരഞ്ഞ് പിടിച്ച് ആക്രമിച്ചതിന് പിന്നില്‍.
അരവിന്ദ് വി.വി, പ്രദീപ്, ശരത്, ശശി എന്നിവരും കോളേജിന് പുറത്തുനിന്നെത്തിയ ജയിന്‍ രാജ്, അഖില്‍ ചന്ദ്രന്‍ തുടങ്ങിയവരും ചേര്‍ന്ന സംഘമാണ് പെണ്‍കുട്ടികളെ അക്രമിച്ചത്. കോളേജില്‍ നിന്നു പഠനം കഴിഞ്ഞുപോയ ശ്രീതു ശ്രീധരന്‍, സ്വാതി സ്വാമിനാഥന്‍ എന്നീ കുട്ടികളുമായി സംസാരിച്ചു നില്‍ക്കുകയായിരുന്നു പെണ്‍കുട്ടികള്‍. കോഷന്‍ ഡിപ്പോസിറ്റ് തിരികെ വാങ്ങാനും മറ്റുമായി കോളേജില്‍ എത്തിയതായിരുന്നു പൂര്‍വ്വവിദ്യാര്‍ത്ഥികള്‍.
സംഘടിച്ചെത്തിയ എസ്എഫ്‌ഐക്കാര്‍ ഇവരേതാണെന്നും ഇവര്‍ക്കിവിടെ എന്താണ് കാര്യമെന്നും ചോദിച്ച് സ്വാതി സ്വാമിനാഥനെയും കയ്യേറ്റം ചെയ്തു. ദളിത് സംഘടന ഉണ്ടാക്കുമോ എന്ന് ചോദിച്ചുകൊണ്ടാണ് ആത്മജ ബിജുവിനെ ഇവര്‍ കയ്യേറ്റം ചെയ്തത്. പുറത്ത് മര്‍ദ്ദിക്കുകയും കൈപിടിച്ച് തിരിക്കുകയും ചെയ്ത ഇവര്‍ ആരതി സജിയെയും ക്രൂരമായി മര്‍ദ്ദിച്ചു. ഇവളൊക്കെ തീവ്രവാദികളാണെന്ന് പറഞ്ഞുകൊണ്ട് മര്‍ദ്ദനം തുടര്‍ന്നു.
കോളേജിന് പുറത്തുകൂടി പോയ നാട്ടുകാരി പെണ്‍കുട്ടികളെ മര്‍ദ്ദിക്കുന്നത് കണ്ട് ഉറക്കെ നിലവിളിച്ച് ആളെ കൂട്ടുകയായിരുന്നു. നാട്ടുകാര്‍ എത്തുമ്പോഴേക്കും അക്രമികള്‍ ഓടി മറഞ്ഞു.
പെണ്‍കുട്ടികളെ ഉടന്‍ തന്നെ കോട്ടയം ജില്ലാ ആശുപത്രിയിലും ഇന്നലെ രാവിലെ മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിക്കുകയായിരുന്നു.
ചിങ്ങവനം പോലീസ് കേസെടുത്തു. സംഭവത്തില്‍ അടിയന്തര അന്വേഷണം നടത്തി കുറ്റവാളികളായ മുഴുവന്‍ എസ്എഫഐക്കാരെയും അറസ്റ്റ് ചെയ്യണമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് എന്‍.ഹരി ആവശ്യപ്പെട്ടു.
















