കാക്കനാട്: തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ വാഗ്ദാനങ്ങളുടെ പെരുമഴ. ഭരണത്തിലേറിയാല്‍ പദ്ധതി നിര്‍വഹണത്തില്‍ മെല്ലെപ്പോക്ക്. തൃക്കാക്കര നഗരസഭയില്‍ എല്‍ഡിഎഫ് ഭരണത്തിലേറി രണ്ടു വര്‍ഷമായിട്ടും പ്രഖ്യാപിച്ച പല പദ്ധതികളും ഒച്ചിഴയും വേഗത്തില്‍. നഗരത്തില്‍ നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചിട്ടും നടപ്പാക്കാത്ത പദ്ധതികളും ഏറെ.മാലിന്യ നിര്‍മാര്‍ജ്ജനത്തിന് ശാശ്വത പരിഹാരം കാണുന്നതിനായി പ്ലാസ്റ്റിക് നിരോധനം ഏര്‍പ്പെടുത്തിയെങ്കിലും പലയിടത്തും നടപ്പായില്ല. കൂടാതെ പേപ്പര്‍, തുണി ക്യാരി ബാഗ് നിര്‍മാണം ഉള്‍പ്പെട്ട പദ്ധതികള്‍ സ്ത്രീ കൂട്ടായ്മയില്‍ രൂപപ്പെടുത്തുന്നതിനായി മൂന്ന് കോടി വകയിരുത്തിയെങ്കിലും ഒരു രൂപ പോലും ഇതിനായി ചെലവഴിച്ചില്ല. മാലിന്യ സംസ്കരണ പ്ലാന്റ് സ്ഥാപിക്കലും ഫയലില്‍ തന്നെ.നഗരസഭാ പ്രദേശത്തെ കുടിവെള്ള ക്ഷാമം പരിഹരിക്കാനായി ജലസ്രോതസ്സുകള്‍ നന്നാനായി അഞ്ച് കോടി രൂപ നീക്കിവെച്ചങ്കിലും ഫലമുണ്ടായില്ല. കുടിവെള്ളക്ഷാമം നേരിടുന്ന സ്ഥലങ്ങളില്‍ ടാങ്കര്‍ ലോറി വാങ്ങി ജലം ശുദ്ധീകരിച്ചു വിതരണം ചെയ്യുമെന്ന പ്രഖ്യാപനവും പാളി. നഗരസഭയിലെ വിവിധ കിണറുകള്‍ നവീകരിക്കുന്നതിനും, തോടുകള്‍, കുളങ്ങള്‍ എന്നിവ നവീകരിച്ച് വെള്ളം ശുദ്ധീകരിച്ച് ഉപയോഗിക്കുമെന്ന പ്രഖ്യാപനങ്ങളും നടന്നില്ല. തെങ്ങോട് മനയ്ക്കക്കടവ് കുടിവെള്ള പദ്ധതിക്ക് സ്ഥലം പോലും ഇതുവരെ കണ്ടെത്തിയിട്ടില്ല. കിന്‍ഫ്രയുടെ സഹായത്തോടെ ഇന്‍ഫോപാര്‍ക്കിന് സമീപത്തെ കടമ്പ്രയാറിലെ വെള്ളം ശുദ്ധീകരിച്ച് വിതരണം നടത്താന്‍ 50 ലക്ഷത്തിന്റെ പദ്ധതി. ഇത് തുടങ്ങിയിടത്ത് തന്നെ.
തൃക്കാക്കര നഗരസഭ ജനസൗഹൃദമായില്ല. നഗരസഭയിലെത്തുന്ന ജനങ്ങള്‍ക്ക് മെച്ചപ്പെട്ട സേവനം ഉറപ്പാക്കുന്നതിനായി സൈന്‍ബോര്‍ഡുകള്‍ സ്ഥാപിക്കുമെന്ന് പ്രഖ്യാപനം നടപ്പായില്ല. വിവരങ്ങള്‍ അറിയുന്നതിന് ടച്ച് സ്ക്രീന്‍, ഓട്ടോമാറ്റിക് ടോക്കണ്‍ സമ്പ്രദായം, വിശ്രമത്തിന് ആവശ്യമായ മേശ, കസേര, കുടിവെള്ള ലഭ്യത, ടി.വി. തുടങ്ങിയവ സജ്ജീകരിച്ച് ജനസൗഹൃദ ജനസേവനകേന്ദ്രമായി മാറ്റുമെന്ന് പ്രഖ്യാപിച്ചു. പക്ഷേ, അതും നടപ്പായില്ല.നഗരസഭയിലെ പ്രധാന റോഡുകള്‍ അന്താരാഷ്ട്ര നിലവാരത്തിലാക്കുക, ആറ് റോഡുകളില്‍ ഗാല്‍വനൈസ്ഡ് അയേണ്‍ പോള്‍ സ്ഥാപിച്ചു എല്‍ഇഡി ലൈറ്റ് സ്ഥാപിക്കുക, രണ്ട് മോഡല്‍ റോഡുകള്‍ സൗന്ദര്യ വത്കരിക്കുക തുടങ്ങിയവയ്ക്കായി പത്ത് കോടി രൂപ നഗരസഭ വകയിരുയിത്തി. എന്നാല്‍, എല്ലാം ഫയലില്‍ ഒതുങ്ങി. പടമുകള്‍ ‘ടിവി സെന്റര്‍ -ഇന്ദിര ജങ്ഷന് റോഡ്, തോപ്പില്‍ ജങ്ഷന്-തൃക്കാക്കര അമ്പലം റോഡ്, ശ്മശാനം റോഡ്, ഭാരതമാതാ-കൊല്ലംകുടിമുകള്‍ റോഡ് എന്നിവയാണ് അന്താരാഷ്ട നിലവാരത്തില്‍ ടാര്‍ ചെയ്യുമെന്ന് അധികൃതര്‍ അറിയിച്ചത്. ഇതിനായി നാല് കോടി രൂപ വകയിരുത്തി. എന്നാല്‍ രണ്ടുവര്‍ഷമായിട്ടും ഒരു റോഡിന്റെ പണി പോലും നേരെ ചൊവ്വേ തുടങ്ങിയില്ല. എഫ്എം സൗകര്യത്തോടുകൂടിയ ഹൈടെക് ബസ് കാത്തിരിപ്പു കേന്ദ്രങ്ങള്‍ കടലാസില്‍ ഒതുങ്ങി. ബജറ്റില്‍ 25 ലക്ഷം രൂപയാണ് കാത്തിരിപ്പുകേന്ദ്രത്തിന് വകയിരുത്തിയിരുന്നത്. സിവില്‍ സ്റ്റേഷന്, ഇന്‍ഫോപാര്‍ക്ക്, വ്യവസായ മേഖല എന്നിവിടങ്ങളില്‍ നിരവധി പേര് എത്തുന്നുണ്ട്. ഇവര്‍ക്കായി ഷോര്‍ട്ട് സ്റ്റേ ഹോം, റസ്റ്റ് ഹൗസ് എന്നിവ നിര്‍മിക്കാനുള്ള പദ്ധതിയിട്ടെങ്കിലും നടന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: