തിരുവല്ല: അദ്ധ്യാപകനായ മന്ത്രി വീണ്ടും അദ്ധ്യാപകനായപ്പോള്‍ വിദ്യാര്‍ത്ഥികളായത് ജില്ലയിലെ പ്രഥമാദ്ധ്യാപകരും ഉദ്യോഗസ്ഥരും. പൊതുസംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി തിരുമൂലപുരം ഇരുവെള്ളിപ്പറ സെന്റ് തോമസ് ഹയര്‍ സെക്കണ്ടറി സ്കൂളാണ് വ്യത്യസ്തമായ സദസിന് വേദിയായത്.
പരിപാടിയുടെ ഭാഗമായി ആയിരത്തോളം വരുന്ന പ്രഥമാദ്ധ്യാപകരേയും ഉദ്യോഗസ്ഥ പ്രതിനിധികളേയും പങ്കെടുപ്പിച്ച് ഇന്നലെ ഉച്ചയ്ക്ക് മന്ത്രി പ്രൊഫ: സി രവീന്ദ്രനാഥിന്റെ നേതൃത്വത്തില്‍ നടന്ന അവലോകന യോഗമാണ് പഠന ക്ലാസായി മാറിയത്. പൊതുവിദ്യാഭ്യാസ രംഗത്ത് സര്‍ക്കാര്‍ നടപ്പിലാക്കി വരുന്ന വിവിധ പദ്ധതികള്‍ വിശദീകരിച്ച മന്ത്രി രണ്ട് മണിക്കൂറാണ് ക്ലാസെടുത്തത്.
പദ്ധതികള്‍ സംബന്ധിച്ച് താന്‍ പറയുന്ന കാര്യങ്ങള്‍ നോട്ട് ബുക്കില്‍ കുറിച്ച് വെക്കാനുള്ള നിര്‍ദ്ദേശവും അദ്ദേഹം സദസിന് നല്കി. മനസിലാകാത്ത വിഷയങ്ങള്‍ പലപ്രാവശ്യം പറഞ്ഞ് മനസിലാക്കാനും മന്ത്രി തയാറായി. വളരെയേറെ താത്പര്യത്തോടെയാണ് എല്ലാവരും ക്ലാസില്‍ ഇരുന്നത്. ക്ലാസ് വ്യത്യസ്തമായ അനുഭവമായിരുന്നുവെന്ന് അദ്ധ്യാപകരും ഉദ്യോഗസ്ഥരും അഭിപ്രായപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: