അമ്പലപ്പുഴ: ചന്ദനമര മോഷണകേസില്‍ ബിജെപി ജനപ്രതിനിധിയെ കള്ളക്കേസില്‍ കുടുക്കാന്‍ സിപിഎമ്മിന്റെ ആസൂത്രിതശ്രമം പൊളിഞ്ഞു. നീര്‍ക്കുന്നം ശങ്കരനാരായണസ്വാമി ക്ഷേത്രത്തിലെ ചന്ദനമരം മോഷ്ടിച്ച് സിപിഎമ്മുകാരനായ പ്രതിയാണ് ബിജെപി ജനപ്രതിനിധി എം.ഡി. സിബിലാലിന്റെ വീട്ടില്‍ ചന്ദനത്തടി വച്ച് കുടുക്കാന്‍ ശ്രമം നടത്തിയത്.
ഇന്നലെ രാവിലെ വീട്ടുവളപ്പില്‍ ചന്ദനത്തടി കണ്ട ഉടന്‍ സിബിലാല്‍ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. ഇതു സംബന്ധിച്ച ഗൂഢാലോചനയെക്കുറിച്ച് അന്വേഷണം നടത്തണമെന്ന് ബിജെപി അമ്പലപ്പുഴ നിയോജക മണ്ഡലം പ്രസിഡന്റ് വി. ശ്രീജിത്ത് ആവശ്യപ്പെട്ടു.
മാസങ്ങള്‍ മുമ്പ് നീര്‍ക്കുന്നം ക്ഷേത്രത്തില്‍ നിന്ന് ചന്ദനമരം മോഷണം പോയ സംഭവത്തില്‍ പ്രതിയെ പിടികൂടിയിരുന്നു. അന്ന് റിമാന്‍ഡിലായ പ്രതി ഇപ്പോള്‍ ജാമ്യത്തിലാണ്. ഇടതുപക്ഷക്കാരനായ സിബിലാല്‍ ബിജെപി യില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തുടങ്ങിയപ്പോള്‍ മുതല്‍ അദ്ദേഹത്തെ രാഷ്‌ട്രീയമായി മോശപ്പെടുത്തുവാനുള്ള പല ശ്രമങ്ങളും നടന്നു.
പല തവണ അദ്ദേഹത്തിന്റെ വീടിന് നേരെ ആക്രമണം നടന്നിരുന്നു. സിബിലാലിന്റെ വീട്ടില്‍ ബിജെപി ജില്ലാ ഉപാദ്ധ്യക്ഷന്‍മാരായ കൊട്ടാരം ഉണ്ണിക്കൃഷ്ണന്‍, ഡി. പ്രദീപ്, ജില്ലാ സെക്രട്ടറി എല്‍.പി. ജയചന്ദ്രന്‍, മണ്ഡലം ജനറല്‍ സെക്രട്ടറി കെ. അനില്‍കുമാര്‍, ജനപ്രതിനിധികളായ സി. പ്രദീപ്, ഷാജി പഴൂപാറലില്‍, പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റുമാരായ പി. രാജേഷ്, ഷാംജി പെരുവത്ര, ജനറല്‍ സെക്രട്ടറി വിനു പാളയത്ത് എന്നിവര്‍ സന്ദര്‍ശിച്ചു.
















