മാനന്തവാടി: വയനാട്ടിലെ വിനോദ സഞ്ചാരകേന്ദ്രങ്ങളില്‍ ഒന്നും അപൂർവ്വ ജൈവവൈവിധ്യത്തിന്റെ കലവറയും കൂടിയായ കുറുവാ ദ്വീപും പരിസരവും സമ്പൂര്‍ണ പ്ലാസ്റ്റിക് നിരോധനത്തിന് ഒരുങ്ങുന്നു. മാനന്തവാടി നഗരസഭയുമായി സംയുകതമായാണ് പദ്ധതി നടപ്പിലാക്കുന്നത്. പ്രദേശവാസികളുടെയും കച്ചവടക്കാരുടേയും സംയുക്തയോഗത്തിലാണ് തീരുമാനം. ഇതിന്റെ ഭാഗമായി കുറുവാ ദ്വീപിലും പരിസരങ്ങളിലും പ്ലാസ്റ്റിക് കവറുകള്‍ക്ക് പകരം പേപ്പര്‍ ബാഗുകളും തുണിസഞ്ചികളുമാണ് ഇനി ഉപയോഗിക്കുക. ദ്വീപില്‍ എത്തുന്ന വിനോദ സഞ്ചാരികളില്‍ നിന്നും വരുന്നതും ഒഴിച്ചുകൂടാനാവത്തതുമായ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിച്ച് റീ സൈക്ലിംഗ് ചെയ്യാനാണ് തീരുമാനം. ഇതിനായി കുടുംബശ്രീ പ്രവര്‍ത്തകരെ ചുമതലപ്പെടുത്തുകയും ഇങ്ങനെശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നഗരസഭയുടെ സഹകരണത്തോടെ റീ സൈക്ലിംഗിന് അയക്കാനാണ് തീരുമാനം. ഇതിന്റെ ഭാഗമായി നവംബര്‍ 6 ന് ദ്വീപ് പരിസരത്തെ കബനി നദിയുടെ തീരത്തെ അടിഞ്ഞുകൂടിയ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നീക്കംചെയ്യാനും തീരുമാനിച്ചു. മഴക്കാലം ആരംഭിച്ചതോടെ ഈ വര്‍ഷം ജൂണ്‍ 13 നാണ് കുറുവാദ്വീപ് താല്‍ക്കാലികമായി പ്രവര്‍ത്തനം നിര്‍ത്തിയത്. പ്രവര്‍ത്തനം ഉടന്‍ പുനരാരംഭിക്കാനിരിക്കെയാണ് പ്ലാസ്റ്റിക് നിരോധനം നടപ്പിലാക്കുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ ഗ്രീന്‍ കാര്‍പ്പെറ്റ് പദ്ധതിയില്‍ ഉള്‍പ്പെട്ട വിനോദ സഞ്ചാരകേന്ദ്രമാണ്കുറുവാദ്വീപ്. ഇത്പ്രകാരം കുറുവാ ദ്വീപിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനായി 42 ലക്ഷം രൂപ സര്‍ക്കാര്‍ അനുവദിച്ചിരുന്നു. ഈ ഫണ്ട് ഉപയോഗിച്ച് പാർക്കിംഗ് ഗ്രൗണ്ടിൽ കല്ലുപാകൽ, പാർക്കിഗ് ഏരിയയിൽ കൈവരി നിർമ്മാണം തുടങ്ങിയവ പൂര്‍ത്തീകരിച്ചു. സി സി ടി വി സ്ഥാപിക്കലിന്റെ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കും. വർഷങ്ങൾ കഴിയുംതോറും കുറുവാ ദ്വീപിൽ എത്തുന്ന വിനോദ സഞ്ചാരികളുടെ എണ്ണത്തിൽ വൻ വർദ്ധനവാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. വനത്തിനുളളിലെ ജലാശയങ്ങൾ, പാറക്കെട്ടുകൾ, ചങ്ങാടത്തിലെ യാത്ര , പ്രകൃതി സൗന്ദര്യം, പ്രദേശത്ത് ലഭിക്കുന്ന നാടൻ വിഭവങ്ങൾ എന്നിവയാണ് വിനോദ സഞ്ചാരികളെ ദ്വീപിലേക്ക് ആകർഷിക്കുന്ന ഘടകങ്ങൾ. ഈ വർഷവും ദ്വീപ് തുറക്കുമ്പോൾ സഞ്ചാരികളുടെ ഒഴുക്ക് തന്നെയാണ് പ്രതീക്ഷിക്കുന്നത് .എത്രയും വേഗം ദ്വീപ് തുറന്ന് പ്രവർത്തിക്കണമെന്നാണ് വിനോദ സഞ്ചാരികളുടെ ആവശ്യം. പ്ലാസ്റ്റിക് നിരോധനം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട യോഗത്തില്‍ മാനന്തവാടി നഗസഭാധ്യക്ഷന്‍ വി ആര് പ്രവീജ് അധ്യക്ഷനായി. കൗണ്‍സിലര്‍ ഹരി ചാലിഗദ്ദ, കുറുവാ ദ്വീപ് ഡി എം സി മാനേജര്‍ ബൈജു തോമസ്, കുറുവാ സംരക്ഷണ സമിതി ഭാരവാഹികളായ ജോസ് സി തോമസ്, പി പത്മരാജ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: