കൊല്ലം: കാഷ്യു കോര്‍പ്പറേഷനിലെ കശുവണ്ടി പരിപ്പ് കച്ചവടത്തില്‍ വന്‍ അഴിമതി. ഈ മാസം 25ന് നടന്ന ടെണ്ടറിലൂടെ നിലവിലുള്ള വിലയേക്കാള്‍ 50 ശതമാനം വരെ കുറച്ചാണ് വില്പന നടത്തിയതെന്നാണ് ആരോപണം. ഇതിലൂടെ 68 ലക്ഷം രൂപയുടെ നഷ്ടമാണ് കോര്‍പ്പറേഷന് ഉണ്ടായത്.
വിവിധ ഗ്രേഡിലുള്ള 1880 ടിന്‍ പരിപ്പാണ് വില്പന നടത്തിയത് (ഒരു ടിന്‍ 11.340 കിലോ). 74 ലക്ഷം രൂപയ്‌ക്കാണ് ഇത്രയും പരിപ്പ് വില്പന നടത്തിയിരിക്കുന്നത്. ഒക്‌ടോബര്‍ 4ലെ വിലയേക്കാളും കാപ്പക്‌സ് നിലവില്‍ വില്ക്കുന്നതിനേക്കാളും 50 ശതമാനം വരെ കുറവാണിതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
കശുവണ്ടി കോര്‍പ്പറേഷനിലെ അഴിമതികള്‍ക്കെതിരായ സമരത്തിലൂടെ ശ്രദ്ധ നേടിയ മനോജ് കടകംപള്ളിയുടേതാണ് ഈ ആരോപണങ്ങള്‍. ആഭ്യന്തര-അന്താരാഷ്‌ട്ര വിപണിയില്‍ (ദീപാവലി-ക്രിസ്തുമസ്) ഏറ്റവും വിലകൂടി നില്‍ക്കുന്ന സമയത്താണ് ഇത്രയും വിലകുറച്ച് കച്ചവടം നടത്തിയിരിക്കുന്നതെന്ന് മനോജ് പത്രസമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി.
പരിപ്പ് വില്പനയിലും 1.5 കോടിയില്‍പരം രൂപയുടെ നഷ്ടം ഉണ്ടായതായാണ് സൂചന. പരിപ്പ് സൂക്ഷിക്കുന്നതിലെ അലംഭാവവും തോട്ടണ്ടിയുടെ നിലവാരക്കുറവും കാരണം പരിപ്പ് പൂപ്പലും പുഴുവുമായതിനാല്‍ ടെണ്ടര്‍ എടുത്ത കമ്പനി 19 ലക്ഷം രൂപ ഇഎംഡി, സെക്യൂരിറ്റി ഡിപ്പോസിറ്റ് എന്നിവയായി അടച്ചിട്ടും പരിപ്പ് എടുക്കാതെ പണം ഉപേക്ഷിക്കുകയായിരുന്നുവത്രെ. തുടര്‍ന്ന് ടെണ്ടര്‍ ഇല്ലാതെ വേറൊരു കമ്പനിക്ക് ഈ 19 ലക്ഷം വിലയില്‍ കുറച്ചും ഗ്രേഡില്‍ വ്യത്യാസപ്പെടുത്തിയും തൊഴിലാളികളെ കൊണ്ട് റീ-വര്‍ക്ക് നടത്തിയും പരിപ്പ് വില്‍ക്കുകയായിരുന്നു. ഇതിലാണ് 1.5 കോടിക്ക് മുകളില്‍ നഷ്ടം വന്നത്. കഴിഞ്ഞ രണ്ടു പ്രാവശ്യത്തെ കച്ചവടങ്ങളില്‍ മാത്രം രണ്ടു കോടിയില്‍പരം രൂപയുടെ നഷ്ടമാണ് ഉണ്ടായത്.
പരിപ്പിന്റെ ഗുണനിലവാരം പരിശോധിക്കാന്‍ ചെന്ന ഉദ്യോഗസ്ഥര്‍ ഗോഡൗണുകളില്‍ കണ്ടത് സ്റ്റോക്ക് രജിസ്റ്ററില്‍ രേഖപ്പെടുത്താതെ 14 ലക്ഷം രൂപയുടെ പരിപ്പ് രഹസ്യമായി സൂക്ഷിച്ചിരിക്കുന്നതാണ്. നിലവിലെ ഭരണസമിതിയുടെ കാലയളവില്‍ തോട്ടണ്ടി വാങ്ങിയതില്‍ 1.30 കോടി രൂപയുടെ അഴിമതി നടന്നു എന്നും എംഡി, കൊമേഴ്‌സ്യല്‍ മാനേജര്‍ എന്നിവര്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നും ചെയര്‍മാന്റെ പങ്ക് അന്വഷിക്കണമെന്നും ശുപാര്‍ശ ചെയ്ത വിജിലന്‍സ് ത്വരിത പരിശോധന റിപ്പോര്‍ട്ട് രാഷ്‌ട്രീയ സ്വാധീനത്താല്‍ അട്ടിമറിക്കുവാനുള്ള ശ്രമങ്ങളാണ് കൊല്ലത്തെ വിജിലന്‍സ് ഡിവൈഎസ്പി ഇപ്പോള്‍ നടത്തുന്നതെന്നും കടകംപള്ളി മനോജ് പറഞ്ഞു.
















