തലശ്ശേരി: മദ്യലഹരിയില്‍ ബൈക്കോടിച്ചതിന് പോലീസ് കസ്റ്റഡിയിലെടുത്ത യുവാവ് സ്‌റ്റേഷനിലെത്തിയ ഉടനെ പിടികൂടിയ പോലീസുകാരനെ ആക്രമിച്ച് മൊബൈല്‍ ഫോണ്‍ തട്ടിപ്പറിച്ചെടുത്ത് എറിഞ്ഞുടച്ചു. പാറപ്രം ഫിര്‍ദൗസ് കോട്ടേജില്‍ അനില്‍കുമാറിന്റെ മകന്‍ പി.ഗൗതമനാണ് (27) പോലീസ് വണ്ടിയിലും ധര്‍മടം സ്‌റ്റേഷനിലും വില്ലനായി അതിക്രമം കാട്ടിയത്. ഇല്ലിക്കുന്നിനടുത്ത് വെച്ച് വാഹന പരിശോധന നടത്തുന്നതിനിടയിലാണ് ഇയാള്‍ പോലിസിന്റെ പിടിയിലായത്. കസ്റ്റഡിയിലെടുത്തത് മുതല്‍ ഇയാള്‍ ഉദ്യോഗസ്ഥര്‍ക്ക് നേരെ കയര്‍ത്തു തുടങ്ങിയിരുന്നത്രെ. സ്‌റ്റേഷനിലെത്തിച്ചതോടെയാണ് അക്രമാസക്തനായത്. ബലം പ്രയോഗിച്ച് കീഴടക്കിയ ശേഷം വൈദ്യപരിശോധനക്ക് വിധേയമാക്കി. മദ്യപിച്ച് വാഹനമോടിച്ചതിനും പോലീസിന്റെ ഔദ്യോഗിക കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തിയതിനുമാണ് ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുള്ളത്. കോടതി യുവാവിനെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.
















