പഴയങ്ങാടി: ഫെയ്‌സ്ബുക്കില്‍ തുടങ്ങിയ സൗഹാര്‍ദ്ദത്തില്‍ യുവാവിനെ തേടി വീടുവിട്ടിറങ്ങിയ വിദ്യാര്‍ത്ഥിനിയെ യുവതി അവസരോചിതമായ ഇടപെടലില്‍ രക്ഷപ്പെടുത്തി. കോഴിക്കോട് സ്വദേശിനിയായ വിദ്യാര്‍ത്ഥിനി കഴിഞ്ഞ ദിവസമാണ് വീട് വിട്ടിറങ്ങിയത്.
കണ്ണൂരില്‍ ബസ്സിലെത്തിയ വിദ്യാര്‍ത്ഥിനി റെയില്‍വേസ്റ്റേഷനിലേക്കുള്ള വഴി അന്വേഷിച്ച് കണ്ണപുരം സ്വദേശിനി ബി.റംസീനയെ പരിചയപ്പെട്ടു. വിദ്യാര്‍ത്ഥിനിയുടെ സംസാരത്തിനിടയില്‍ സംശയം തോന്നിയ റംസീന കൂടുതല്‍ കാര്യങ്ങള്‍ ചോദിച്ചതോടെ ഒന്നിനും കൃത്യമായി മറുപടി പറയാതെ വിദ്യാര്‍ത്ഥിനി ഒഴിഞ്ഞുമാറി.
എന്നാല്‍ നിര്‍ബന്ധിച്ചതോടെ തനിക്ക് ബാംഗളൂരുവിലേക്കാണ് പോകേണ്ടതെന്നും ഫെയ്‌സ്ബുക്ക് വഴി പരിചയപ്പെട്ട ആളെ തേടിയിറങ്ങിയതാണെന്നും വിദ്യാര്‍ത്ഥിനി പറഞ്ഞു. വീട്ടിലേക്ക് തിരിച്ചുപോകാന്‍ റംസീന നിര്‍ബന്ധിച്ചെങ്കിലും വിദ്യാര്‍ത്ഥിനി വിസമ്മതിച്ചു. റംസീനിയുടെ വീട്ടില്‍ ഒരുദിവസം തങ്ങാന്‍ അനുവദിക്കണമെന്ന് വിദ്യാര്‍ത്ഥിനി അപേക്ഷിച്ചു.
കണ്ണൂരിലെ ഒരു ഫാന്‍സി കടയില്‍ ജോലിചെയ്യുന്ന റംസീന വിദ്യാര്‍ത്ഥിനിയെ തന്റെ കൂടെ കൂട്ടുകയും വൈകീട്ടോടെ കണ്ണപുരം എസ്‌ഐ ധനഞ്ജയ് ദാസിനെ വിവരം അറിയിക്കുകയുമായിരുന്നു. പോലീസ് വിദ്യാര്‍ത്ഥിനിയുടെ ഫോണ്‍ വാങ്ങി ബന്ധുക്കളെ വിവരം അറിയിച്ചു. വീട്ടുകാര്‍ ഇന്നലെ രാത്രി തന്നെ സ്റ്റേഷനിലെത്തി വിദ്യാര്‍ത്ഥിനെയെ കൂട്ടിക്കൊണ്ടുപോയി. വിദ്യാര്‍ത്ഥിനിയുടെ കയ്യില്‍ 200 രൂപമാത്രമാണ് ഉണ്ടായിരുന്നത്.
















