ചേലേമ്പ്ര: തിരുവങ്ങാട്ട് ശിവക്ഷേത്രത്തിന് സമീപം അറവുമാലിന്യം തള്ളി. രാവിലെ ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ ചെന്നുനോക്കിയപ്പോഴാണ് ദേശീയപാതക്കരികില്‍ 60 ചാക്കുകളിലാക്കിയ മാലിന്യം കണ്ടത്.
മുമ്പും ഇവിടെ സമാനമായ സംഭവം ഉണ്ടായിട്ടുണ്ട്. ചേലേമ്പ്ര പഞ്ചായത്തില്‍ മഞ്ഞപ്പിത്തം അടക്കമുള്ള രോഗങ്ങള്‍ പടരുന്നതിനിടെയാണ് മാലിന്യനിക്ഷേപം രൂക്ഷമായിരിക്കുന്നത്. ആറോളം പേര്‍ക്ക് ഇതുവരെ മഞ്ഞപ്പിത്തം സ്ഥിരീകരിച്ചിട്ടുണ്ട്. 28 ഓളം പേര് ചികിത്സയിലുമാണ്.
പ്രദേശത്ത് സിസിടിവിയും തെരുവുവിളക്കും സ്ഥാപിക്കണമെന്ന് ബിജെപി പഞ്ചായത്ത് കമ്മറ്റി പലതവണ ആവശ്യമുന്നയിച്ചിരുന്നു. എന്നാല്‍ പഞ്ചായത്ത് അധികൃതരും പിഡബ്ല്യൂഡി ഉദ്യോഗസ്ഥരും അനാസ്ഥ തുടരുകയാണ്.
ജനവാസകേന്ദ്രങ്ങളില്‍ മാലിന്യം നിക്ഷേപിക്കുന്നവരെ പിടികൂടാനും തടയാനും പോലീസ് തയ്യാറാകണമെന്ന് ബിജെപി ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം ബഹുജനപ്രക്ഷോഭം ആരംഭിക്കുമെന്നും പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് പ്രതീഷ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: