കോട്ടയം: താഴത്തങ്ങാടി അറുപുഴയില്‍ നിന്ന് കാണാതായ ദമ്പതികള്‍ക്കായി പോലീസ് രണ്ടാം ഘട്ട അന്വേഷണം തുടങ്ങി. ഇതിന്റെ ഭാഗമായി അന്വേഷണ സംഘം വിപുലീകരിച്ചു. വെള്ളത്തില്‍ ആഴത്തില്‍ പരിശോധിക്കുന്നതിനുള്ള സംവിധാനങ്ങളോട് കൂടിയ മുങ്ങല്‍ വിദഗ്ധര്‍ അടുത്ത പത്ത് ദിവസത്തിനുള്ളില്‍ എത്തും. കഴിഞ്ഞ ഏപ്രില്‍ 6 മുതല്‍ താഴത്തങ്ങാടി ആറുപറ ഒറ്റക്കണ്ടത്തില്‍ ഹാഷീം (42), ഭാര്യ ബിബ എന്നിവരെയാണ് കാണാതായത്.
അന്വേഷണത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസം പീരുമേടിന് സമീപമുള്ള മത്തായികൊക്ക, വളഞ്ഞാങ്ങാനം, മുറിഞ്ഞപുഴ, കൊടികുത്തി, പീര്‍മുഹമ്മദ് ഖബര്‍സ്ഥാന്‍, പുല്ലുപാറ, എദന്‍മൗണ്ട്, ബോയ്‌സ് എസ്റ്റേറ്റ്, പാഞ്ചാലിമേട് , പത്തുമല എസ്റ്റേറ്റ് തുടങ്ങിയ സ്ഥലങ്ങളില്‍ പരിശോധന നടത്തിയിരുന്നു.
ഏപ്രില്‍ ആറിന് വൈകിട്ട് സ്വന്തം കാറില്‍ പുറത്തേക്ക് പോയ ദമ്പതികളെ പിന്നീട് കാണാതവുകയായിരുന്നു. വെള്ളത്തില്‍ വീണിട്ടുണ്ടാകുമെന്ന സംശയത്തില്‍ മീനച്ചിലാറ്റില്‍ താഴത്തങ്ങാടി ഭാഗത്ത് നേവിയുടെ സഹായത്തോടെ പല തവണ തിരച്ചില്‍ നടത്തിയിരുന്നു. സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ പരിശോധനയില്‍ പീരുമേട് ഭാഗത്ത് ഫോണ്‍ സാന്നിധ്യം കണ്ടെത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് ഒന്നിലധികം തവണ പീരുമേടിലും സമീപ പ്രദേശങ്ങളിലും പരിശോധന നടത്തിയിരുന്നു. പുതിയ കാറിലായിരുന്നു ദമ്പതികള്‍ പുറപ്പെട്ടത്. പണം, ആഭരണം തുടങ്ങിയവ ദമ്പതികള്‍ എടുത്തിരുന്നി്ല്ല. ദമ്പതികളുടെ തിരോധാനം സംബന്ധിച്ച അന്വേഷണം ആറ് മാസമായിട്ടും എങ്ങുമെത്താതിനെ തുടര്‍ന്നാണ് അന്വേഷണ സംഘം വിപുലീകരിച്ച് രണ്ടാം ഘട്ട പരിശോധന തുടങ്ങിയത്. മുന്‍ ഡിജിപിയായിരുന്ന ടി.പി.സെന്‍കുമാര്‍ അന്വേഷണ പുരോഗതി നേരിട്ട് വന്ന് വിലയിരുത്തിയിരുന്നു.
















