ആലപ്പുഴ: ഹരിതകേരളം മിഷന്റെ മാലിന്യത്തില്‍ നിന്നും സ്വതന്ത്ര്യം കാമ്പയിന്റെ ഭാഗമായി സിവില്‍ സ്‌റ്റേഷനിലെ ഓഫീസുകള്‍ മാലിന്യരഹിതമാകുന്നു. ഉറവിടത്തില്‍തന്നെ മാലിന്യം സംസ്‌ക്കരിച്ചും പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യങ്ങള്‍ പുനരുപയോഗത്തിന് നല്‍കുന്നതിനായി ശേഖരിച്ച് കൈമാറിയും ഓഫീസുകള്‍ മാതൃകയാകും.
ഫീസുകളിലെ വൃത്തി കണക്കാക്കി ഗ്രേഡിങ് നല്‍കാനും ശുചിത്വമിഷന്റെ ആഭിമുഖ്യത്തില്‍ കളക്ടര്‍ റ്റി.വി. അനുപമയുടെ അധ്യക്ഷതയില്‍ നടന്ന യോഗം തീരുമാനിച്ചു. നവംബര്‍ ഒന്നു മുതല്‍ സീറോ വേസ്റ്റ് പദ്ധതി സിവില്‍ സ്‌റ്റേഷനില്‍ പ്രാവര്‍ത്തികമാക്കുകയാണ് ലക്ഷ്യം.
ജീവനക്കാര്‍ ഉച്ചഭക്ഷണം കൊണ്ടുവരാന്‍ കഴുകി ഉപയോഗിക്കാവുന്ന പാത്രങ്ങള്‍ ഉപയോഗിക്കണം. ഇലപ്പൊതിയടക്കം പരമാവധി ഒഴിവാക്കാനാണ് ശ്രമം. ജൈവമാലിന്യങ്ങള്‍, പ്ലാസ്റ്റിക് മാലിന്യങ്ങള്‍, കടലാസടക്കമുള്ള മാലിന്യങ്ങള്‍ എന്നിവ തരംതിരിച്ച് ശേഖരിക്കും. ഇതിനായി ഓഫീസുകളില്‍ പ്രത്യേക മാലിന്യ വീപ്പകള്‍ സ്ഥാപിക്കും. ജൈവ മാലിന്യം സംസ്‌ക്കരിക്കുന്നതിനായി കളക്ടറേറ്റില്‍ എയ്‌റോബിക് മാലിന്യസംസ്‌ക്കരണ യൂണിറ്റ് നിര്‍മാണം പൂര്‍ത്തീകരിച്ചു വരുന്നു. നവംബര്‍ രണ്ടിനകം ഓഫീസുകളിലെ ഇലക്‌ട്രോണിക് മാലിന്യങ്ങള്‍ നീക്കുന്നതിന് നടപടിയായി.
ജില്ലാ ശുചിത്വ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ബിന്‍സ് സി. തോമസ്, അസിസ്റ്റന്റ് കോ-ഓര്‍ഡിനേറ്റര്‍ ലോറന്‍സ്, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
















