ഇരിട്ടി: കരിക്കോട്ടക്കരി പ്രാഥമികാരോഗ്യ കേന്ദ്രത്തിന് സമീപം മാലിന്യ സംസ്‌കരണ പ്ലാന്റ് നിര്‍മ്മിക്കുവാനുള്ള അയ്യങ്കുന്ന് പഞ്ചായത്ത് ഭരണസമിതി തീരുമാനത്തിനെതിരെ കരിക്കോട്ടക്കരി വികസനസമിതി രംഗത്ത്. ജനവാസകേന്ദ്രമായ ഇവിടെ മാലിന്യ പ്ലാന്റ് സ്ഥാപിക്കാനുള്ള നീക്കം എന്തുവിലകൊടുത്തും ചെറുക്കുമെന്ന് നാട്ടുകാരുടെ നേതൃത്വത്തിലുള്ള വികസനസമിതി നേതാക്കള്‍ പറഞ്ഞു. സ്വകാര്യവ്യക്തി സൗജന്യമായി വിട്ടുനല്‍കിയ ഒരേക്കറോളം സ്ഥലത്തിന്റെ ഒരു ഭാഗത്താണ് പിഎച്ച്‌സി പ്രവര്‍ത്തിക്കുന്നത്. ഇതിനോട് ചേര്‍ന്ന് ഒഴിഞ്ഞുകിടക്കുന്ന സ്ഥലം ഉപയോഗിച്ച് മാലിന്യ സംസ്‌കരണപ്ലാന്റ് നിര്‍മ്മിക്കാനാണ് പഞ്ചായത്ത് തീരുമാനിച്ചിരിക്കുന്നത്. മാലിന്യപ്ലാന്റ് സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്ന സ്ഥലത്ത് തന്നെയാണ് ആശുപത്രിയിലെ ആവശ്യങ്ങള്‍ക്കുള്ള വെള്ളം പമ്പുചെയ്യുന്ന കിണറും സ്ഥിതി ചെയ്യുന്നത്. ഈ സ്ഥലത്തിന്റെ പിന്‍ഭാഗത്തായി മറ്റൊരു കൈത്തോടും ഒഴുകുന്നതായി വികസനസമിതി നേതാക്കള്‍ പറഞ്ഞു. ചുറ്റും നിരവധി വീടുകള്‍ നിറഞ്ഞ പ്രദേശത്ത് മാലിന്യപ്ലാന്റ് അനുവദിക്കില്ലെന്നും ജനവാസമില്ലാത്ത നിരവധി പ്രദേശങ്ങള്‍ പഞ്ചായത്തിന്റെ കയ്യിലുണ്ടെന്നും ഇത്തരം പ്രദേശങ്ങള്‍ ഏതെങ്കിലും തെരഞ്ഞെടുത്തു മാലിന്യപ്ലാന്റ് മാറ്റണമെന്നും കരിക്കോട്ടക്കരി വികസനസമിതി സെക്രട്ടറി ബിജു എളപ്പുങ്കല്‍, കെ.സി.ജേക്കബ്, അയ്യങ്കുന്ന് മുന്‍ പഞ്ചായത്തു പ്രസിഡന്റ് കെ.സി.ചാക്കോ എന്നിവര്‍ പറഞ്ഞു. ഇതിനെതിരെ മേഖലയില്‍ ഇവര്‍ പോസ്റ്റര്‍ പ്രചാരണവും ആരംഭിച്ചിട്ടുണ്ട്.
















